Showing posts with label About VVK. Show all posts
Showing posts with label About VVK. Show all posts

Saturday, November 13

എന്നെക്കുറിച്ച്

എനിയ്‍ക്ക് ജാതിയില്ല. മതമില്ല. ദൈവമോ, ക്ഷേത്രമോ ഇല്ല. ആ വക സൂചനകളൊന്നും എന്റെയോ എന്റെ മക്കളുടെയോ പേരുകളില്‍ ഒളിച്ചു നില്‍ക്കുന്നില്ല.അതുപോലെ എന്റെ പുസ്‍തകങ്ങളും എന്റെ ജാതി വിളംബരം ചെയ്‍കയില്ല.ജാതിചിന്ത മനുഷ്യന്റെ മനസ്സില്‍ വരുന്നതോടെ അവന്‍ അങ്ങേയറ്റം തരംതാഴ്‍ന്നതായാണ് ഞാന്‍ കണക്കാക്കിയിട്ടുള്ളത്. ഈ എണ്‍പയതാം വയസ്സില്‍ തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നത് ഞാനൊരിക്കലുംഒരുജാതിയുടെഭാഗമായി ചിന്തിക്കുകയോ, പ്രവര്‍ത്തിക്കുകയോ ചെയ്‍തിട്ടില്ലഎന്നതു കൊണ്ടാണ്.ഞാന്‍ മനുഷ്യനാണ്. ഒരു ചരിത്രകാരനായി അറിയപ്പെട്ടാല്‍മതി. "അച്ഛന്റെ തോളിലിരുന്നാണ് ഞാന്‍ ആദ്യമായി ലോകം കാണുന്നത്.ഒരു വഴി കണ്ടാല്‍, ഒരു കുളം കണ്ടാല്‍,ഞാനന്വേഷിയ്ക്കും ഈ വഴി എവിടേയ്ക്കാണ്?ഈ കുളം എങ്ങനെയുണ്ടായി? എന്നൊക്കെ. ആ അന്വേഷണമാണ് ഞാനിപ്പോഴും തുടരുന്നത്. ബാല്യത്തില്‍ കണ്ട ചഴികള്‍ വഴിയമ്പലങ്ങള്‍,അത്താണികള്‍ , ചക്രചുറ്റുകള്‍, മലവാരങ്ങള്‍, ഗുഹാക്ഷേത്രങ്ങള്‍... എല്ലാത്തിലും നൂറ്റാണ്ടുകളുടെകഥകളുണ്ട്. ആ കഥകള്‍ തേടിയാണ് ഞാനലഞ്ഞത്. ഓരോ ജില്ലയുടേയും സ്‍ഥലചരിത്രമെഴുതിയത് എന്റെ വീട്ടിലിരുന്നുകൊണ്ടല്ല. ജില്ലയിലെ ഓരോ ഗ്രാമത്തിലും പോയി വിവരങ്ങള്‍ ഖരിക്കുകയായിരുന്നു. എത്ര കഷ്‍ടപ്പെട്ടായാലും നേരില്‍ കാണാതെ ഞാനൊ ന്നുമെഴുതിയിട്ടില്ല.ഞാന്‍ ‍ഐതിഹ്യം നോക്കാറില്ല. പറഞ്ഞുകേട്ട്വിശ്വസിക്കാറുമില്ല. യുക്‍തി കൊണ്ട് ഖനനം ചെയ്‍കയാണ് എനിക്കിഷ്‍ടം. ഒരിക്കല്‍ പാലക്കാട്ട് കോട്ടമല കാണാന്‍ പോയി. മല കയറി മുകളില്‍ എത്തിയപ്പോഴാണ് സന്ധ്യയായെന്നറിഞ്ഞത്.താഴേയ്‍ക്കു വരാന്‍പറ്റാത്ത വിധം നേരം ഇരുട്ടു കയും ചെയ്‍തു. കാല്‍ വഴുതി, കല്ലില്‍ തലയടിച്ചുമരിക്കുമോ,എന്നു പോലുംപേടിച്ചുപോയ നിമിഷം. ഒന്നു നിലവിളിച്ചാല്‍പ്പോലുംഅവിടെ ആരും വരികയില്ല. ഒടുവില്‍ ഇരുട്ടില്‍ തപ്പിത്തടഞ്ഞാണ് ഞാന്‍ മടക്കദൂരം താണ്ടിയത്. പാമ്പിനേയും ഇരുട്ടിനേയും പേടിച്ച ആ രാത്രി ഇന്നും എന്റെ മനസ്സിലുണ്ട്.കഷ്‍ടപ്പെട്ട് ഞാന്‍ കണ്ടെത്തയ രേഖകള്‍ പില്‍ക്കാലത്ത് കുട്ടികള്‍ക്കുംമറ്റും പ്രയോജനപ്പെട്ടത് സന്തോഷകരമായി. എം.ജി. യുണിവേര്‍സിറ്റി എന്റെ"ചരിത്രകവാടങ്ങള്‍" പാഠപുസ്തകമാക്കിയിരുന്നു. യാത്രകളുടേയും അന്വേഷണങ്ങളുടേയും ഒടുവില്‍ ഞാന്‍ രോഗിയായത് ഓര്‍ക്കുമ്പോള്‍ വിഷമവുമുണ്ട്. ഇത്തരം ഗവേഷണങ്ങളില്‍ നിന്ന് പില്‍ക്കാലത്ത് എനിക്ക് സാമ്പത്തികമായ നേട്ടമൊന്നുമുണ്ടായില്ല മൂന്ന് ജില്ലകളക്കുറിച്ച് പഠിക്കാന്‍ സാഹിത്യ അക്കാദമി പ്രതിമാസം തൊള്ളായിരം രൂപ വീതം തന്നു. ഒരു ജില്ലയ്‍ക്ക് ഒരു വര്‍ഷം വീതം. പുസ്‍തകങ്ങള്‍ നാലും അക്കാദമി പ്രസിദ്ധീകരിച്ചു. അതില്‍ നിന്ന് റോയല്‍റ്റി ഇനത്തില്‍ കാര്യമായൊന്നും കിട്ടാനില്ല.സ്‍കോളര്‍ഷിപു കിട്ടിയ തുക ഗവേഷണത്തിനായി ചെലവാകുകയും ചെയ്തു. എങ്കിലും ആറുമാസത്തിനുള്ളില്‍‍ എന്റെ സ്ഥലനാമഗവേഷണഗ്രന്ഥങ്ങള്‍ക്ക് പുതിയ പതിപ്പുകള്‍ ഉണ്ടാകുന്നത് ആനന്ദം നല്‍കുന്നു. അവയ്ക്ക് വായനക്കരുണ്ടല്ലോ. . സ്‍ഥലനാമങ്ങളുടെ ഉത്ഭവരഹസ്യം തേടിയുള്ള യാത്രയില്‍ എനിക്ക് ധനനഷ്‍ടവും സ്വത്തുനഷ്‍ടവുംഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം ജില്ലയെപ്പറ്റി പഠിക്കാനുള്ള യാത്രയ്‍ക്കിടയില്‍ കാമറയും കുറിപ്പുകള്‍ രേഖപ്പെടുത്തിയ നോട്ടുബുക്കുകളുമടങ്ങിയ സ്യൂട്കെയ്‍സ് നഷ്ടപ്പെട്ടു.ഒടുവില്‍ ഉടുതുണി മാത്രമായി വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. തിരുവനന്തപുരം ജില്ലയെക്കുറിച്ച് പഠിക്കേണ്ട സമയമായപ്പോള്‍ പുതുതായി വന സെക്രട്ടറി എരുമേലി പരമേശ്വരന്‍ പിള്ള , ആദ്യം ജോലി ആരംഭിച്ചോളൂ എന്നു പറഞ്ഞെങ്കിലും വൈകാതെ വാക്കുമാറി. കൊടുത്തയാള്‍ക്കു തന്നെ പിന്നേയും കൊടുക്കാനാവില്ലെന്പറഞ്ഞ് സ്‍കോളര്‍ഷിപ്പ് അനുവദിച്ചില്ല. തൃശൂര്‍,പാലക്കാട്,എറണാകുളം എന്നീ ജില്ലാസ്‍ഥലചരിത്രങ്ങള്‍ പുറത്തുവന്ന ഘട്ടത്തില്‍ ഈ വിഷയത്തില്‍ എന്റെ അദ്ധ്വാനത്തെ അംഗീകരിച്ചുകൊണ്ടും, മറ്റാരും ഈ മേഖലയില്‍ കടന്നുവരാത്തതു കൊണ്ടും ഞാന്‍ തന്നെ ഈ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകണമെന്ന് കേരളത്തിലെ പണ്ഡിതരും സാംസ്‍കരിക നായകന്‍മാരും വിവിധ സന്ദര്‍ഭങ്ങളില്‍ പ്രസ്‍താവിച്ചിരുന്നു. ഇതായിരുന്നു എന്റെ ധാര്‍മ്മിക പിന്‍ബലം. എന്നാല്‍, ഡോ.എസ്.ഗുപ്‍തന്‍ നായരും, ഡോ.പി.ടി.ഭാസ്‍കരപ്പണിക്കരും ഡോ.കെ.എന്‍ എഴുത്തച്ഛനും, ഡോ. പി.വി.കൃഷ്‍ണന്‍ ആയരും മറ്റനേകം പേരും ,വാലത്തിന് കൂടുതല്‍ വലിയ പ്രോജക്‍റ്റ് നല്‍കണമെന്ന് വ്യക്‍തമായി എഴുതിവച്ചതൊന്നും എരുമേലി വായിച്ചു നോക്കിയില്ല. നീതിക്കു വേണ്ടി ഞാന്‍ അന്നത്തെ അക്കാദമി പ്രസിഡന്റ് പ്രൊഫ. എം കെ സാനുവിനെ സമീപിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ ഒരു 'പ്രൊഫസ്സര്‍' ജീവിച്ചിരിപ്പില്ലെന്ന് ബോദ്ധ്യമായപ്പോള്‍ അന്നത്തെ സാംസ്‍കാരിക വകുപ്പു മന്ത്രി ടി.കെ. രാമകൃഷ്‍ണനെ കണ്ട് വിവരം പറഞ്ഞു. എരുമേലിയുടേയും സാനുവിന്റെയും വായില്‍നിന്നു വന്ന അതേ വാചകങ്ങള്‍ തന്നെ ടി.കെ.യുടെയും വായില്‍ നിന്നു കിട്ടിയപ്പോള്‍ എനിക്കു ഗവേഷണത്തിന്റെ പണി നിര്‍ത്തേണ്ടിവന്നു. ഒരു ഇടവേള ആകട്ടെയെന്ന് ഞാനും കരുതി. ശുഭകാംക്ഷികള്‍ എന്ന് ഞാന്‍ വിശ്വസിച്ച ആളുകള്‍ കൈവിട്ടതിന്റെ ദു:ഖം വലുതായിരുന്നു.അതുവരെ ഞാന്‍ കാണാതിരുന്ന എന്റെ കുടുംബത്തിലേക്ക് ആദ്യമായി ഞാന്‍ നോക്കി. ആ കുടുംബത്തിന്റെപിന്തുണയില്‍ അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ തിരുവനന്തപുരത്തിന്റെ പഠനം സ്വന്തമായി തുടങ്ങി. എരുമേലി-സാനു ഭരണകാലം കഴിഞ്ഞ്മാനം തെളിഞ്ഞപ്പോള്‍ എം. കുട്ടികൃഷ്‍ണന്റെയും വര്മ്മയുടേയും നേതൃത്വത്തില്‍ അക്കാദമി തിരുവനന്തപുരം ഏറ്റ്ടുത്തു പ്രസിദ്ധീകരിച്ചു. അതിന്റെ തുടര്‍ച്ചയായി കോഴിക്കോട് ജില്ലാ സ്‍ഥലചരിത്രമെഴുതാനുള്ള പ്രോജക്‍റ്റും തന്നു. എരുമേലിയുടെ തടസ്സവാദങ്ങള്‍ പൊള്ളയായിരുന്നെന്ന് കാലം തെളിയിച്ചു.പക്ഷെ, അപ്പോഴേയ്ക്കും ആരോഗ്യമുണ്ടായിരുന്ന കാലത്തെ അഞ്ചുകൊല്ലം എനിക്കു നഷ്ടപ്പെട്ടിരുന്നു തിരുവനന്തപുരം ജില്ലയുടെ പഠനത്തിന് എരുമേലിയും സാനുവും ടി.കെ.രാമകൃഷ്‍ണനും തടസ്സം നിന്നത് എന്തിന് എന്നെനിക്കു മനസ്സിലാവുന്നില്ല. ഒരു പക്ഷെ, പാര്‍ട്ടിയുടെ സമീപനമായിരിക്കാം. ചരിത്രഗവേഷണവും രാഷ്ട്രീയവും തിരിച്ചറിയാന്‍ അവര്‍ വിവേകമുള്ളവരായില്ല... ഏതായാലും അവര്‍ കഴുത്തുഞെരിച്ച തിരുവനന്തപുരം ജില്ലാ സ്‍ഥലചരിത്രം അവരുടെ അനന്തരാവകാശികള്‍ക്കു പ്രയോജനപ്പെടാതിരിക്കില്ല.ആ മൂവരുടേയും വംശാനന്തര തലമുറയില്‍ ഒരാളെങ്കിലും ആ പുസ്‍തകം ഒരു റഫറന്‍സിനായി തപ്പിക്കൊണ്ട് ലൈബ്രറികള്‍ കയറിയിറങ്ങുകയില്ലെന്ന് ആരു കണ്ടു? അതൊരു കാവ്യനീതിയല്ലെ? പട്ടിണി ഒരു സാധാരണ സംഭവമായിരുന്ന കാലഘട്ടത്തില്‍ജനിക്കാന്‍ ഭാഗ്യമുണ്ടായി. ലോകത്തെമ്പാടുമുള്ള മനുഷ്യന്റെ യഥാര്‍ത്ഥപ്രശ്‍നംവിശപ്പു തന്നെ എന്ന തിരിച്ചറിവിലൂടെ ഞാന്‍ വളര്‍ന്നു. എന്റെ വഴികള്‍ കഠിന്ദ്ധ്വാനത്തിന്റെയും കഷ്‍ടപ്പാടിന്റേതുമായിരുന്നു. എത്ര ക്‍ളേശിവ്വാണ് എന്റെ ജീവിതപ്പാതയില്‍ കുറച്ചെങ്കിലും നേട്ടങ്ങളുണ്ടാക്കിയതെന്ന് ഓര്‍ക്കുകയാണ്. എന്നാല്‍, എനിക്ക് ജീവിതം കൈ നിറച്ചു തന്നു എന്നൊന്നും തോന്നിയിട്ടില്ല. ചിലപ്പോള്‍ ആലോചിക്കുമ്പോള്‍ തോന്നും പല തീരുമാനങ്ങളും ഭ്രാന്തമൊ, അതിസാഹസികമായിരുന്നെന്ന്. എങ്കിലും ജിജ്‍ഞാസുവായിരുന്നു ഞാന്‍. അതാണ് എന്നെ ചരിത്രകാരനാക്കിയത്. എന്റെ ഭാഷ ഇന്നുംതീക്ഷ്‍ണമായാണ് എനിക്ക് അനുഭവപ്പെടുന്നത്. ഞാനൊരു സോഷ്യലിസ്‍റ്റായിരുന്നു. അതേസമയം കമ്മ്യൂണിസ്‍റ്റ് ആശയങ്ങളോട് എന്നും ഭ്രാന്തമായ അടുപ്പവും കാണിച്ചിരുന്നു. ജീവിതത്തിന്റെ ആദ്യനാളുകളില്‍ നേരിട്ട പട്ടീയും ദുരിതവും എന്നെ കൂടുതല്‍ തുല്യതയുള്ള ഒരു സമൂഹത്തെക്കുറിച്ച് ചിന്തിക്കാന്‍ ഇടയാക്കി. അതെല്ലാം ഇന്നും എന്നില്‍ പുത്തനുണര്‍വ്വായി നില്‍ക്കുകയാണ്.എന്റെ ആദ്യ ഗദ്യകവിതാസമാഹാരമായ 'ഇടിമുഴക്കം'അത് ഞാന്‍ സമര്‍പ്പിച്ചിട്ടുള്ളത് എന്റെ അച്ഛനു തന്നെയാണ്. ദാരിദ്ര്യത്തില്‍ ജനിച്ച്, ദാരിദ്ര്യത്തില്‍ ജീവിച്ച്, ദാരിദ്ര്യത്തില്‍ വെച്ച്‍ ഒരു ദിവസം കാണാതെ പോയഎന്റെ അച്ഛന്റെ ഓര്‍മ്മയ്‍ക്ക്. അച്ഛന്റെ ദുരിതങ്ങള്‍ എന്റെ ചിന്തയില്‍ വല്ലാത്ത പരിവര്‍ത്തനങ്ങള്‍ വരുത്തിയെന്ന് പറയാം. എനിക്ക് ഒരു മനുഷ്യനായിത്തീരുവനായിരുന്നു ആഗ്രഹം. കാരണം മനുഷ്യത്വത്തിന്റെ വില അത്രമാത്രം ഞാനറിഞ്ഞിട്ടുണ്ട്. മനുഷ്യത്വം മരവിച്ച ഒരു ലോകത്താണല്ലൊ, നാം ജീവിക്കുന്നത്. ചളിയും വെള്ളവും ഇരുട്ടും ചോരയും നിറഞ്ഞ ഈ അഗാധതയില്‍ വച്ചുള്ള ജീവിതത്തില്‍ നിന്നും നമുക്ക് രക്ഷപ്പെടാനാവുമൊ? ഇതെന്റെ പഴയ ചോദ്യമാണ്. ഞാന്‍ ഒരിക്കല്‍ വിപ്‍ളവത്തെ സ്നേഹിച്ചു. രാഷ്ട്രീയമായി പുതിയൊരുണര്‍വിലൂടെ, നമുക്ക് നല്ലൊരു ജീവിതമുണ്ടാകുമെന്ന് ചെറുപ്പകാലത്ത് വിശ്വസിച്ചു. ഇന്നിപ്പോള്‍ നോക്കുമ്പോള്‍ മനുഷ്യന്റെ മഹത്വം എവിടെയോ കളങ്കപ്പെട്ടില്ലേ, എന്നു സംശയിക്കുന്നു.
*******************************
 -vvkv (1994)

Sunday, November 7

പ്രൊഫ. മാത്യു ഉലകംതറ - വലത്തിനെ കുറിച്ച്

 ഇന്നിപ്പോള്‍ ഗദ്യകവിതാകൃത്തും ഗവേഷകനുമായി അറിയപ്പെടുന്ന വി.വി.കെ. വാലത്ത്, ഒരു കാലഘട്ടത്തില്‍ ഉച്‍ഛൃംഖലനായിരുന്ന ഒരു കവിയായിരുന്നു. 1938-39 കാലഘട്ടങ്ങളിലെ മാതൃഭൂമി, കേരള പത്രിക, നവജീവന്‍ , പൗരനാദം മുതലായവയുടെ പഴയ ഏടുകളില്‍ അല്‍പം ഗവേഷണം നടത്തിയപ്പോഴാണ് ജീവിച്ചിരിക്കെത്തന്നെ നഷ്‍ടയശസ്സായിപ്പോയ ഒരു മഹാകവിയുടെ തൂലികാവ്യാപാരം വെളിച്ചത്തു വന്നത്. യശശ്ശരീരനായ ചങ്ങമ്പുഴയോടൊപ്പം ആ കാലഘട്ടത്തിന്റെ സവിശേഷശൈലിയില്‍ ധാരാളം കവിതകള്‍ വാലത്ത് രചിച്ചിട്ടുണ്ട്. മിക്കവാറും മാതൃഭൂമി ആഴ്‍ചപ്പതിപ്പിന്റെ പ്രഥമപക്ഷങ്ങളെത്തന്നെ അവ അലങ്കരിക്കുകയും ചെയ്‍തു. അദ്ദേഹം തന്റെ സാഹിത്യസഞ്ചാരപഥം മാറാതെയിരുന്നെങ്കില്‍ ചങ്ങമ്പുഴയ്‍ക്കൊപ്പം അറിയപ്പെടുന്ന ഒരു മഹാകവിയായിത്തീരുമായിരുന്നു എന്ന് ആ കവിതകളോരോന്നും വിളിച്ചുപറയുന്നുണ്ട്. 

സാഹിത്യനിപുണന്‍ ടി.എം. ചുമ്മാര്‍ - വലത്തിനെ കുറിച്ച്


  1938 മുതല്‍ വി.വി.കെ. വാലത്ത് മാതൃഭൂമി ആഴ്‍ചപ്പതിപ്പ്, ദീപിക, ദീപം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ തിടര്‍ച്ചയായി കവിതകളെഴുതിയിരുന്നു. എന്നാല്‍, അവ ഇന്നേവരെ സമാഹരിച്ച് പ്രസിദ്ധപ്പെടുത്താതെ പോയത് കഷ്‍ടമെന്നേ പറയാനുള്ളു. ഇനിയെങ്കിലും അങ്ങനെ ചെയ്താല്‍ കൊള്ളാമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. പദ്യശാഖ വിട്ട് ഗദ്യശഖയിലേക്ക് കടന്നതോടെ അദ്ദേഹത്തിന്റെ കവിതകളെപ്പററിയുള്ള ഓര്‍മ്മ പലരില്‍ നിന്നും വിട്ടുപോയിട്ടുണ്ടെന്നാണ് തോന്നുന്നത്. എനിക്കു തന്നെയും ഒരബദ്ധം പിണഞ്ഞിരുന്നു. അടുത്ത അവസരത്തില്‍ മാതൃഭൂമി ആഴ്‍ച്ചപ്പതിപ്പ് തുടങ്ങിയവയുടെ ചില പഴയ ലക്കങ്ങള്‍ മറിച്ചുനോക്കുമ്പോളാണ് വാലത്തിന്റെ കവിതകളെപ്പറ്റി വീണ്ടും സ്‍മരിക്കുവാന്‍ ഇട വന്നത്. അവ എന്നെ അത്‍ഭുതപ്പെടുത്തി, എന്നുതന്നെ പറയട്ടെ. കാവ്യലോകത്തില്‍ പ്രതിഷ്‍ഠ പ്രാപിച്ചിട്ടുള്ള പല കവികളെക്കാളും കാവ്യദേവത അക്കാലത്ത് അദ്ദേഹത്തെ അനുഗ്രഹിച്ചിരുന്നുവെന്നാണ് അവ വായിച്ചപ്പോള്‍ എനിക്കു തോന്നിയത്. പാവങ്ങളുടേയും അസ്വതന്ത്രരുടേയും ഭാഗത്തു നിന്നു കൊണ്ടാണ് കവി പലപ്പോഴും പോരാടിയിരുന്നത്. ഒന്നുമാത്രം ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. 1939 ജനുവരി ലക്കം മാതൃഭൂമി ആഴ്‍ചപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തിയ "ഇരുട്ടത്ത്" എന്ന കവിതയാണ് ഞാന്‍ ഇവിടെ ലക്ഷ്യമാക്കുന്നത്. അര്‍ത്ഥകല്‍പ്പന, അലങ്കാരചാതുരി, ആശയമഹത്വം തുടങ്ങിയ കാര്യങ്ങളില്‍ അക്കാലത്ത് എഴുതിത്തുടങ്ങിയിരുന്ന ചങ്ങമ്പുഴയും വാലത്തും തമ്മില്‍ വളരെ സാദൃശ്യങ്ങളുണ്ടായിരുന്നു. രണ്ടുപേരിലും അതിശയിപ്പിക്കുന്ന ശൈലീഭംഗി കാണാമായിരുന്നു. ശ്രി വാലത്ത് കവിതാരംഗത്തു നിന്നു പിന്തിരിയാതിരുന്നെങ്കില്‍ മലയാളത്തിലെ ഒരു പ്രശസ്‍ത കവിയായി പേരെടുക്കുമായിരുന്നു, എന്നുള്ളതില്‍ എനിക്കു സംശയമില്ല. 

Friday, November 5

എം. കുട്ടികൃഷ്‍ണന്‍ - വലത്തിനെ കുറിച്ച്

ജില്ലാടിസ്‍ഥാനത്തില്‍ കേരളത്തിലെ സ്‍ഥലചരിത്രങ്ങള്‍ എഴുതി പ്രസിദ്ധപ്പെടുത്തുക എന്ന പദ്ധതിക്ക് ശ്രീ. വി.വി.കെ.വാലത്ത് തുടക്കമിട്ടിട്ടു ഇപ്പോള്‍ രണ്ടു പതിറ്റാണ്ടോളമാകുന്നു. തിരുവനന്തപുരം ജില്ലയുടെ ചരിത്രം രചിക്കുന്നതിന് വാലത്ത് വളരെ കഠിനാദ്ധ്വാനം ചെയ്‍തിട്ടുണ്ട്. ജിലയിലെ മിക്ക സ്‍ഥലങ്ങളിലും സഞ്ചരിച്ചും സെറ്റില്‍മെന്റ് രജിസ്‍റ്ററുകളും മറ്റും പരിശോധിച്ചും വിവരങ്ങള്‍ ശേഖരിക്കാന്‍ വാര്‍ദ്ധക്യകാലത്തും അദ്ദേഹം ഏറേ ബുദ്ധിമുട്ടിയിരുന്നു. അതിന്റെപ്രയോജനം അത്രകണ്ട് ഈ കൃതിയ്‍ക്കുണ്ടായിട്ടുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു.

ഡോ. കെ. എന്‍. എഴുത്തച്ഛന്‍- -- വലത്തിനെ കുറിച്ച്

click to read about      K N Ezhuthachan കവിത, ചെറുകഥ, ഉപന്യാസം തുടങ്ങി സാഹിത്യത്തിന്റെ പല ശാഖകളിലും പ്രവര്‍ത്തിച്ചു പേരെടുത്തിട്ടുള്ള ശ്രീ വി.വി.കെ. വാലത്തിന്റെ കൂടുതല്‍ കനപ്പെട്ട സംഭാവനകള്‍ ചരിത്രത്തിന്റെ മണ്ഡലത്തിലാണ് വരുന്നതെന്ന് തോന്നുന്നു. ചരിത്രകാരന്‍മാരുടെ എണ്ണം എവിടെയും കുറവായിരിക്കും. സര്‍ഗ്ഗാത്‍മകസാഹിത്യകാരന്റേതിനെക്കാള്‍ എത്രയോ ദുര്‍ഘടമാണ് ചരിത്രലേഖകന്റെ ജോലി. സ്‍ഥലചരിത്രകാരന് കൂടുതല്‍ പരിശ്രമം വേണം. പല പല കാര്യങ്ങള്‍ നേരിട്ടു മനസ്സിലാക്കുക, ഐതിഹ്യാദികളും മറ്റും ശേഖരിക്കുക, സാഹിത്യ കൃതികള്‍, പ്രാചീന ലിഖിതങ്ങള്‍, തീട്ടൂരങ്ങള്‍, ഗ്രന്ധവരികള്‍ , കത്തുകള്‍‍, ഡയറികള്‍ മുതലായവ പരിശോധിക്കുക,--- ഇങ്ങനെ ഒട്ടധികം ജോലി അയാള്‍ക്കു ചെയ്യേണ്ടതുണ്ട്. ക്ഷമയും, സമയച്ചെലവും, പണച്ചെലവും ഒട്ടേറെ ഇതിനാവശ്യമാണ്. വിശാലമായ അറിവും ഓര്‍മ്മശ‍ക്തിയും നിഷ്‍പക്ഷതയും ത്യാജ്യഗ്രാഹ്യവിവേകവുമെല്ലാം ലേഖകനു വേണം. ഇതെല്ലാം ഒത്തുചേര്‍ന്നവര്‍ നമ്മുടെ നാട്ടില്‍ കുറവായതാണ് സ്‍ഥലചരിത്രങ്ങള്‍ കുറവായതിനു കാരണമെന്നു സംശയമില്ല. അര്‍പ്പണമനോഭാവത്തോടുകൂടിയ ദീര്‍ഘപഠനം ആവശ്യമായ ഈ വിഷയത്തില്‍ കാര്യമായി പലതും പ്രവര്‍ത്തിക്കുകയും സിദ്ധി സമ്പാദിക്കുകയും ചെയ്‍തിട്ടുള്ള വ്യക്തിയാണ്, ശ്രീ വാലത്ത്. കേരളത്തിലെ എല്ലാ ജില്ലകളെ സംബന്ധിച്ചും ഇത്തരം ഗ്രന്ഥങ്ങള്‍ ഉണ്ടായാല്‍ കൊള്ളാമെന്ന് വായനക്കാര്‍ ആഗ്രഹിക്കാതിരിക്കില്ല. ശ്രീ വാലത്തു തന്നെ ഈ പ്രവര്‍ത്തനം തുടരുന്നത് എല്ലാംകൊണ്ടും ഉചിതമായിരിക്കും. 1981 

എസ്. ഗുപ്‍തന്‍ നായര്‍ - വലത്തിനെ കുറിച്ച്

മലയാളത്തില്‍ തീരേ അവികസിതമായ ഒരു വിജ്ഞാനശാഖയിലേക്കുള്ള വിലപ്പെട്ട സംഭാവനകളാണ്, വി.വി.കെ.വാലത്തിന്റെ സ്‍ഥലനാമഗവേഷണ ഗ്രന്ഥങ്ങള്‍. ഒട്ടേറേ ഗ്രന്ഥങ്ങളും,മാസികകളും പരതുന്നതു കൊണ്ടു മാത്രം സഫലമാകുന്ന ഒരു ഗവേഷണപ്രയത്നമായിരുന്നില്ല, വാലത്ത് ഏറ്റെടുത്തത്. കാല്‍പരിശ്രമം നിനയാതെ ദിക്കെല്ലാം തെണ്ടിയലഞ്ഞ് , കാണേണ്ടതൊക്കെ നേരില്‍ കണ്ട്, ഗ്രാമവൃദ്ധന്‍മാരില്‍ നിന്ന് പഴങ്കഥകള്‍ ശേഖരിച്ച് ഗ്രന്ഥഗതങ്ങളായ സൂചനകളുമായി അവയെ സമന്വയിച്ച് ചരിത്രം നിര്‍മ്മിക്കുക എന്ന മഹോദ്യമത്തിലാണ് വാലത്ത് ഏര്‍പ്പെട്ടത്. അങ്ങനെ നമുക്ക് അന്യഥാ അലബ്‍ധമാകുമായിരുന്ന വിശിഷ്ട ഗ്രന്ഥങ്ങള്‍ കിട്ടിയെന്നു പറയാം. മുന്‍ചരിത്രകാരന്‍മാരുടെ ദൃഷ്ടി വേണ്ടത്ര പതിഞ്ഞിട്ടില്ലാത്ത അനേകം വസ്‍തുതകള്‍ കണ്ടെടുത്തു വിവരിക്കാന്‍ വാലത്തിനു കഴിഞ്ഞിട്ടുണ്ട്. മുമ്പു സൂചിപ്പിച്ചതു പോലെ, അദ്ദേഹം കാല്‍നടയായി പോയി കാണാത്ത പ്രദേശങ്ങള്‍ കുറയും. ഫുള്ളാര്‍ഡും, ബുക്കാനനും, ലോഗനും വെവ്വേറേ കണ്ടിട്ടുള്ളത്ര വാലത്ത് ഒറ്റയ്‍ക്കു കണ്ടിട്ടുണ്ടാകും.. 1‍986

Thursday, November 4

സി.പി. ശ്രീധരന്‍ - വലത്തിനെ കുറിച്ച്

ശ്രീ വാലത്തിന്റെ പേരോര്‍ക്കുമ്പോള്‍ ആദ്യമായി മനസ്സില്‍ കടന്നുവരിക, അദ്ദേഹത്തിന്റെ ഗദ്യകവിതകളത്രെ. ഗദ്യപദ്യങ്ങളുടെഅംശങ്ങള്‍സമന്വയിപ്പിച്ച്കവിത്വത്തിന്റെചുട്ടുപൊള്ളുന്നവികാരവായ്‍പ്പു പ്രകാശിപ്പിക്കുവാന്‍ ഉചിതമായ സുപ്രധാനമായ മാധ്യമമായിരുന്നു, ഗദ്യകവിത. പൊന്‍കുന്നം വര്‍ക്കിയുടെ "തിരുമുല്‍ക്കാഴ്‍ച" , വിവികെ വാലത്തിന്റെ "ഇടിമുഴക്കം" എന്നിവ നമ്മുടെ ഗദ്യകവിതയില്‍ കിട്ടാവുന്ന ഏറ്റവും മികച്ച കൃതികളത്രേ. കേശവദേവ് അടക്കമുള്ള ഒന്നാംകിടക്കാരും ഇടത്തരക്കാരുമെല്ലാം അന്നു ഗദ്യകവിതാ സരണിയില്‍ പയറ്റിക്കൊണ്ടിരിക്കെയാണ് വി.വി.കെ. വാലത്ത് അവിടെ തന്റെ സിംഹാസനം ഉറപ്പിക്കുന്നത്. വാലത്തില്‍ ഒരു കവിയും ഗദ്യകാരനും കുടിയിരിക്കുന്നുവെന്ന്, അന്നേ തെളിഞ്ഞു. കമ്മ്യൂണിസ്‍റ്റു പാര്‍ട്ടിയുമായുണ്ടായിരുന്ന ബന്ധം ഒരു ധിക്കാരിയുടേയും റബലിന്റേയും വിഗ്രഹഭഞ്ജകന്റെയും നിലയില്‍ പ്രശ്‍നങ്ങള്‍ നോക്കിക്കാണാന്‍ അന്നദ്ദേഹത്തെ പ്രേരിപ്പിച്ചു. ഗദ്യകവിതയില്‍ നിന്നു ചെറുകഥയിലേക്കും, തീപാറുന്ന പ്രബന്ധരചനയിലേക്കും കടന്ന്, ഹൃദയാഗ്‍നിജ്വാലകള്‍ക്കു വാഗ്രൂപം നല്‍കിയ വാലത്ത്, സ്വതന്ത്രചിന്തയുടേയും സ്വതന്ത്രമായ ചരിത്രഗവേഷണത്തിന്റെയും പാതയിലേക്കു കടന്നു. മാര്‍ക്സിസവും കമ്മ്യൂണിസവും കടന്ന് മനുഷ്യന്‍ സ്വന്തം അസ്‍തിത്വത്തിന്റെ തായ്‍വേരുകള്‍ കണ്ടെത്താന്‍ അന്വേഷണ്വുമായി തിരിച്ചത് ഈ ഘട്ടത്തിലായിരുന്നു. ആ സത്യാന്വേഷികളുടെ സംഘത്തില്‍ ചരിത്രഗവേഷണത്തിന്റെ സ്വന്തം സംസ്‍കാരത്തിന്റെ മൂലകന്ദം തേടുന്നതിന്റെ രസാവേശങ്ങള്‍പുതിയ യാത്രയില്‍ വാലത്തിനെ ഹരം പിടിപ്പിച്ചു. ആദ്യത്തെ ഗദ്യ ് കവിതയില്‍ കണ്ട ആ യുവസഹജമായ ഊര്‍ജ്ജപ്രസാരണം ഈ ചരിത്രാന്വേഷണത്തിലും നമുക്കു കാണാന്‍ കഴിയും. വാലത്ത് ഏതു രംഗത്തു നിന്നാലും ഏതിനെക്കുറിച്ചെഴുതിയാലും സ്വന്തം ചിന്തയുടേയും മാനസികവ്യാപാരത്തിന്റെയും സത്യസന്ധതയില്‍ നിന്നും ആത്‍മാര്‍ഥതയില്‍ നിന്നും ഉടലെടുക്കുന്ന ഒരുതരം വികാരതീവ്രത , അവയെ സചേതനങ്ങളും ക്ഷോഭജനകങ്ങളും ഹൃദയസ്‍പര്‍ശകങ്ങളുമാക്കും. അതുകൊണ്ടാണ് ആ രചനകള്‍ക്കു ജരാനര ബാധിക്കാത്ത ഒരു നിത്യ യുവത്വം പ്രകടമാകുന്നത്. 1977

Tuesday, November 2

ഡോ. പി.വി.കൃഷ്‍ണന്‍ നായര്‍ - വലത്തിനെ കുറിച്ച്

കേരളത്തിലെ സ്‍ഥലനാമചരിത്ര പഠനത്തില്‍ വാലത്തിനെപ്പോലെ ആണ്ടുമുഴുകിയ മറ്റൊരാള്‍ ഇല്ല. പ്രതിഭയുള്ള നിരവധി ചരിത്രകാരന്‍മാര്‍ നമുക്കുണ്ടെങ്കിലും ആരുമിപ്പൊഴും ആ പഠനശാഖയില്‍ കൈവെച്ചുകണുന്നില്ലെന്നത് സംസ്‍കാരപഠനത്തിലെ ഒരു പ്രതിസന്ധിയായി തുടരുന്നു. വാലത്ത് ഈ വിജ്ഞാനശാഖയില്‍ മനസ്സും ശരീരവും അര്‍പ്പിക്കുന്നത് ജീവിതത്തിന്റെ ഏതാണ്ടു രണ്ടാം പകുതിയിലാണ്. എന്നാല്‍ ഒരു പൂര്‍ണ്ണജീവിതം കൊണ്ടു നേടാവുന്നത്ര കാര്യങ്ങള്‍ അദ്ദേഹം രണ്ടു ദശകം കൊണ്ടു ചെയ്‍തു. അദ്ദേഹത്തിന്റെ യത്നങ്ങള്‍ അതിതീവ്രവും ശീഘ്രവുമായിരുന്നെന്ന് ഓരോ കൃതിയും റഫര്‍ ചെയ്യുമ്പോള്‍ ബോദ്ധ്യമാകുന്നുണ്ട്. തൃശൂര്‍, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ നാലു ജില്ലാ സ്‍ഥലചരിത്രങ്ങള്‍ അക്കാദമി സ്‍കോളര്‍ഷിപ്പോടെ പ്രസിദ്ധീകരിച്ചു. കോഴിക്കോട് ജില്ലയെ പറ്റിയുള്ള പഠനം മുഴുമിപ്പിക്കാന്‍ ആയുസ്സ് തികഞ്ഞില്ല. 18-5-2006

Friday, August 13

വാലത്തിന്റെ കവിതകളെക്കുറിച്ച്..........


1930-കളിലാണ് വി.വി.കെ. വാലത്ത് എന്ന കവി രംഗപ്രവേശം ചെയ്തത്. രണ്ടു ലോകമഹായുദ്ധങ്ങള്‍ക്കു ശേഷം ആഗോള മനുഷ്യരാശി അഭിമുഖീകരിച്ച ക്ഷാമം, തൊഴിലില്ലായ്മ, ദാരിദ്ര്യം, സാമ്രാജ്യത്വത്തിന്റെ ഉദയം യുദ്ധം തുടങ്ങിയ വിപത്തുകളായിരുന്നു വാലത്തിന്റെ കവിതകളുടെ പ്രേരണ. വിശ്വമാനവിക സങ്കല്‍പത്തില്‍ ഊന്നിനിന്നുകൊണ്ട് പറയാനുണ്ടായിരുന്നത് പറഞ്ഞു കഴിഞ്ഞപ്പോള്‍ വാലത്ത് വിരമിക്കയും ചെയ്തു. കവിവിലാസത്തില്‍ തന്നെ ശിഷ്‍ടകാലം കഴിക്കാന്‍ നില്‍ക്കാതെ ......

പട്ടിണിത്തോറ്റങ്ങള്‍
മൂകമായി കീഴോട്ടു തൂങ്ങിയ മുഖവുമായി നടക്കുക കുനിഞ്ഞിരുന്നു കീഴ്വയറ്റില്‍ കയ്യമര്‍ത്തുക വെളിച്ചത്തിലേക്കു വരാതിരിക്കുക തീയതികളും ആഴ്ചകളും അറിയാതിരിക്കുക അതൊരു രോഗമത്രെ: വിശപ്പ്.
(പുറത്തേയ്ക്കുള്ള വഴി. 1946 )


കെട്ടഴിഞ്ഞുപോയല്ലോ എന്റെയക്കലം വിറ്റു
കിട്ടിയോരൂഴക്കരി നഷ്ടമായ് ഭഗവാനേ.

(കുശവന്റെ നഷ്ടം.. മാതൃഭുമി ആഴ്ചപ്പതിപ്പ് 1940 സെപ്തംബര്‍ 15.)
പാഴ്‍ക്കിനാവുകള്‍ കണ്ടു മയങ്ങിക്കിടക്കുമ-
പ്പാടത്തിന്‍ചരുവിലെ മരത്തിന്‍കൊമ്പത്തതാ
കെട്ടിഞാന്നൊരു ശവം നില്‍ക്കുന്നു, പ്രഭുത്വത്തിന്‍
ദുഷ്ടമാം കാവ്യത്തിന്റെ യാശ്‍ചര്യചിഹ്നം പോലെ.

(രക്ഷാസ്ഥാനം . മാതൃഭൂമി ആഴ്ചപ്പതിപ്പ് 1940 ആഗസ്റ്റ്. 4)

OBLATION

ദാരിദ്ര്യത്തില്‍ ജനിച്ച്
ദാരിദ്ര്യത്തില്‍ ജീവിച്ച്
ദാരിദ്ര്യത്തില്‍ വെച്ച് ഒരു ദിവസം കാണാതെ പോയ
എന്റെ അച്ഛന്റെ ഓര്‍മ്മയ്ക്ക്

സമര്‍പ്പണം. ഇടിമുഴക്കം( കവിതാസാമാഹാരം--1947. )

IN MEMORIAM TO MY FATHER
WHO
ORIGINATED IN POVERTY
LIVED IN POVERTY
AND OCCULTATED
IN THE MIDST OF POVERTY

( OBLATION OF THE BOOK , THE THUNDER, POEMS 1947)

Sunday, August 8

v.v.k.valath

കാവ്യഗതിയുടെ പരിണാമത്തില്‍
മിന്നിയ പ്രകാശം
മുഴങ്ങിയ മേഘനാദം
ഞാന്‍ ഇനിയും വരും
എന്ന് പ്രത്യാശ നല്‍കി
ചരിത്രമെഴുത്തിന്റെ കാരമുള്‍പ്പാതയിലൂടെ
ചക്രവാളത്തിനപ്പുറത്തേയ്ക്കുപോയ
കവിയായ ചരിത്രകാരന്‍
ചരിത്രകാരനായ കവി---
വിവികെ വാലത്ത്.
അരനൂറ്റാണ്ടിനു മുമ്പ്
മലയാള കവിതയില്‍
കുറിച്ചിട്ട ഇടിമുഴക്കങ്ങള്‍ ...........
ഇവിടെ പുന:പ്രകാശനം ചെയ്യപ്പെടുന്നു.