Sunday, August 8

thalasthananagariyil

കവിത

തലസ്ഥാന നഗരിയില്‍

വഴിവക്കിലും കാനയിലും
പീടികത്തിണ്ണയിലും ഇടനാഴിയിലും
അവിടവിടെയായി ചത്തുകിടക്കുന്ന
മനുഷ്യരെ കാണുക.
ഇതാ - ഒന്ന് ഏതാണ്ട്
കാണയുടെ ആഴത്തില്‍
തലകുത്തിക്കിടക്കുന്നു.
മറ്റൊന്നു പീടികത്തട്ടില്‍.
പാതിരാത്രിക്കുശേഷം വരൂ...
ഇരുവശത്തും ഒന്നിനുമേല്‍ ഒന്നായി ചായ്ച്ച അസംഖ്യം ശരീരങ്ങള്‍ കാണാം.
അവരെല്ലാം ഉറങ്ങുകയാണ്.
അവരില്‍ കുട്ടികളുണ്ട്.
സ്ത്രീകളുണ്ട്- പുരുഷന്മാരുണ്ട്
മുരള്‍ച്ചകള്‍,പിറുപിറുക്കലുകള്‍ ഞരക്കങ്ങള്‍
തേങ്ങലുകള്‍ - അവിടെനിന്നു കേള്‍ക്കാം.
വെളുക്കുമ്പോള്‍ ഇവ
വലിഞ്ഞിഴഞ്ഞു മറയുന്നു.
അവയില്‍ ചിലത് അവിടെത്തന്നെ
അടിഞ്ഞുകൂടുന്നു.
അങ്ങനെ സമുദായത്തിലെ ചില വ്രണങ്ങള്‍
അവിടെവെച്ചു കാണാതാവുന്നു.
മുനിസിപ്പാലിറ്റി വണ്ടികള്‍ നോക്കുക
അവയില്‍ കുന്നുകൂടിക്കിടക്കുന്ന
വളങ്ങള്‍, കന്നുകാലികളുടെ മലമൂത്രങ്ങള്‍
ചീഞ്ഞളിഞ്ഞ വസ്തുക്കള്‍
ചത്ത തവളകള്‍,പെരുച്ചാഴികള്‍
---ഒന്നുരണ്ടു മനുഷ്യ ശരീരങ്ങളും കാണാം.
സാധാരണ സംഭവം.
കഷ്ടം - ഈ മൃതദേഹങ്ങള്‍ നോക്കിനില്‍ക്കുന്നഞാന്‍ആരാണ്?
ദരിദ്രന്‍. മരിച്ചുകഴിഞ്ഞവന്‍
യാചകന്‍ യാചകന്റെ മുമ്പില്‍
ചിരട്ട നീട്ടുന്നു.
മുങ്ങിച്ചാവുന്നവന്‍ മുങ്ങിച്ചാവുന്നവനുമായി
കെട്ടിപ്പിണയുന്നു.
വീണ്ടും വീണ്ടും പിടിക്കപ്പെടുന്ന
ഒരു കുറ്റക്കാരനാണ് മനുഷ്യന്‍.
ഭൂമി അവന് ഒരു കാരാഗൃഹമാണ്.
എവിടെയായാലും അവന്‍ ശിക്ഷിക്കപ്പെടും
എന്നു തോന്നും വിധമാണ് അതുണ്ടാക്കിയിട്ടുള്ളത്.
അങ്ങനെ രണ്ടു മൃതദേഹങ്ങളുടെ മുന്നില്‍ നിന്ന്
അസംഗതമായി, ഞാനെന്തൊക്കെയോ
ചിന്തിച്ചുപോയി.
മാപ്പാക്കുക. (1947)
--------------------

0 കമന്‍റുകള്‍:

Post a Comment