Wednesday, November 10

ഒരു തീവണ്ടിപ്പാതയുടെ കഥ


എറണാകുളം ജില്ലയിലെ ചേരാനെല്ലൂരില്‍ റോഡില്‍ നിന്നു നോക്കിയാല്‍ കല്ലുകൊണ്ടുപണിതു കുമ്മായം തേയ്‍ക്കാത്ത‍ ഒരു വീടു കാണാമായിരുന്നു. അതിന്റെ മുന്‍വശത്തെ ചുവരില്‍ ഒരു വലിയ ഓട്ടയും. അറുപത്തിമൂന്നു വര്‍ഷം മുമ്പു വരെ ആ വീടും അതിലെ ഓട്ടയും ഞങ്ങള്‍ കണ്ടിരുന്നു. ഓട്ടയുടെ രഹസ്യം മുതിര്‍ന്നവര്‍ പറയുമായിരുന്നു. ഷൊര്‍ണൂര്‍ - എറണാകുളം തീവണ്ടിപ്പാത സ്‍ഥാപിക്കുന്നതിന്റെ പ്രാരംഭമായ സര്‍വേ നടന്നത് ആ വഴിയ്‍ക്കാണ്.

 ആ വീടിന്റെ തുള ചരിത്രസ്‍മാരകമായി ശേഷിച്ചതല്ലാതെ അതിലേ തീവണ്ടി വന്നില്ല. കോട്ടും സൂട്ടും ഇട്ട് സായ്‍പന്‍മാരായ ഉദ്യോഗസ്‍ഥന്‍മാരും ശിപായിമാരും കൊടിയും കുന്തോം കുഴലും കോലുമായി വന്നു ഭൂമി അളക്കുകയും സര്‍വേയുടെ ആവശ്യാര്‍ത്ഥം വീടിന്റെ ഭിത്തി തുളയ്‍ക്കുകയും ചെയ്‍തപ്പോഴാണ് ബുദ്ധിമാന്‍മാരായ ഞങ്ങള്‍ക്ക് കാര്യത്തിന്റെ 'ഗുട്ടന്‍സ്'പിടികിട്ടിയത്. തീവണ്ടി ചേരാനെല്ലൂരില്‍ കൂടി വരാന്‍പോകുന്നു.

തീവണ്ടിയെപ്പറ്റി സംഭ്രമകരങ്ങളായ പല കിംവദന്തികളും പ്രചരിക്കുന്ന കാലം. തീവണ്ടി കാണാന്‍ 90 കി.മീ. ദുരം കാല്‍നട യാത്ര ചെയ്ത് ഷൊര്‍ണൂരിലേക്കു പോയ ചില സാഹസികന്‍മാരും കഥകള്‍ പ്രചരിപ്പിച്ചു. ഭയങ്കരമാണ് തീവണ്ടിയുടെ ഒച്ച. കോഴിമുട്ട വിരിയുകയില്ല. ഒച്ചയുടെ ഊക്കില്‍ മുട്ട കുലുങ്ങിപ്പൊട്ടും ഗര്‍ഭിണികളുടെ ഗര്‍ഭം അലസും. നാട്ടില്‍ അങ്കലാപ്പായി. ടിപ്പുവിന്റെ പടയോട്ടത്തിനു ശേഷം ഞങ്ങളുടെ നാട് ഇങ്ങനെ ഒരു പേടി പേടിച്ചിട്ടില്ല.

 തീവണ്ടിഭീഷണി നീങ്ങിക്കിട്ടാന്‍ അമ്പലങ്ങളില്‍ വഴിപാടുകള്‍ നേര്‍ന്നു. ജനം ഒരുമിച്ചു നാടുവാഴിയായ ചേരാനെല്ലൂര്‍ കര്‍ത്താവിനെക്കണ്ട് സ്‍ഥിതിഗതികളുടെ ഗൗരവം ഉണര്‍ത്തിച്ചു. ധാരാളം 'കുഞ്ഞമ്മമാര്‍' (കര്‍ത്താവിന്റെ കുടുംബത്തിലെ സ്‍ത്രീകള്‍) ഉള്‍പ്പെടുന്നതാണ്, 'അടിമഠം'. മാസം ശരാശരി രണ്ടു പ്രസവം വീതം അടിമഠത്തില്‍ നടക്കുന്നു. അതോര്‍ത്തപ്പോള്‍ കര്‍ത്താവിനു പരിഭ്രാന്തി വര്‍ദ്ധിച്ചു. അദ്ദേഹം കുടിയാനവന്‍മാരോടു പറഞ്ഞു. " തീവണ്ടി ചേരാനെല്ലൂരില്‍ കൂടി ഓടിക്കാന്‍ ചേരാനെല്ലൂര്‍കര്‍ത്താവായ ഞാന്‍ 'മൂപ്പിലെ യജമാനന്‍' എന്ന പട്ടവും കെട്ടി ഇവിടെ വാഴുമ്പോള്‍ സമ്മതിക്കില്ല.".

 ഉടന്‍തന്നെതൃപ്പൂണിത്തുറകനകക്കുന്നുകൊട്ടാരത്തിലെത്തി, കൊച്ചിമഹാരാജാവിനെ 'മുഖം കാണിച്ചു' നിവേദനം നടത്തി. നാലു കോഴിയെ വളര്‍ത്തി നിത്യവൃത്തികഴിക്കുന്നവരാണ് ചേരാനെലൂരിലെ പാവങ്ങള്‍. പിന്നെ ഗര്‍ഭം അലസിയാലത്തെ സ്‍ഥിതി! ജനസംഖ്യയുടെ ഭാവിയെന്ത്? മഹാരാജാവു തിരുമനസ്സിന് സര്‍വ്വവും ബോദ്ധ്യമായി. തീവണ്ടിയുടെ തലയന്ത്രം ഇരുമ്പുകൊണ്ടുള്ള ഒരു ഭയങ്കര രാക്ഷസനാണെന്ന് ആഴ്‍വാഞ്ചേരി തമ്പ്രാക്കള്‍ പറഞ്ഞ് നാം കേട്ടിരിക്കുന്നൂ. മഹാരാജാവ് ദിവാനോട് ഉത്തരവായി: ചേരാനെല്ലൂരിള്‍കൂടി റെയിലിടാനുള്ള തീരുമാനം മദിരാശി ഗവര്‍ണ്ണറെക്കൊണ്ട് റദ്ദാക്കിക്കണം.

 ചേരാനെല്ലൂര്‍ക്കാര്‍ വിജയം കൊണ്ടാടി. അമ്പലത്തില്‍ പ്രത്യേകം വിളക്കു കഴിപ്പിച്ചു ചേരാനെല്ലൂരിന്റെ തൊട്ടുതെക്കുസ്‍ഥിതി ചെയ്യുന്ന ഇടപ്പള്ളിയില്‍ക്കൂടിയായി അവസാനസര്‍വേ. ചേരാനെല്ലൂര്‍ക്കാര്‍ തള്ളിയ മാരണം ഇടപ്പള്ളിക്കാരുടെ തലയിലായി. അതോടെ ചേരാനെല്ലൂര്‍ക്കാര്‍ ഇടപ്പള്ളിക്കാരെ കളിയാക്കാനും തുടങ്ങി. ഇടപ്പള്ളി അങ്ങാടിയില്‍ വെച്ച് ചേരാനെല്ലൂര്‍ക്കാരെ ഇടപ്പള്ളിക്കാര്‍ തല്ലി. ചേരാനെല്ലൂരില്‍ ചെന്നുപെടുന്ന ഇടപ്പള്ളിക്കാരെ അവരും തല്ലി. ദിവസേന തീവണ്ടിത്തര്‍ക്കവും അടിയും പതിവായി. ഇടപ്പള്ളി ജനം ഇടപ്പള്ളി രാജാവിനെ സമീപിച്ചു.

തിരുവിതാംകൂറിനു കീഴിലാണെങ്കിലും ഇടപ്പള്ളി രാജാവും മോശക്കാരനല്ല. നാല് ച.മൈല്‍ വിസ്‍താരമുള്ള ഇടപ്പള്ളിരാജ്യത്ത് നാല്‍പ്പത് ക്ഷേത്രങ്ങള്‍. ഒക്കെ ചുട്ടകോഴിയെ പറപ്പിക്കുന്ന 'പ്രത്യക്ഷമുള്ളവ'. രാജാവിന്റെ മഠം,മാടമ്പിമാരുടെ 'എട്ടുകെട്ടുകള്‍,', നമ്പൂതിരി ഇല്ലങ്ങള്‍,അങ്ങാടികള്‍, ജോനകപ്പള്ളി, നസ്രാണിപ്പള്ളി!- ഇവയ്‍ക്കെല്ലാമിടയില്‍ക്കൂടി തീവണ്ടി കൊണ്ടുപോവാന്‍ പറ്റില്ലെന്ന് ഇടപ്പള്ളിരാജാവും വാദിച്ചുനോക്കി. ചേരാനെല്ലൂര്‍ മാര്‍ഗ്ഗം റദ്ദായ സ്‍ഥിതിയ്‍ക്ക് ആലുവായില്‍ നിന്ന് എറണാകുളത്തേയ്‍ക്ക് ഇടപ്പള്ളിയില്‍ക്കൂടിയല്ലാതെ വേറേ മാര്‍ഗ്ഗമില്ല. തീവണ്ടി ആളുകളുടെ തലയ്‍ക്കുമീതെ കൂടി ഓടിക്കേണ്ടിവരും. റെയില്‍വേ എന്നാല്‍ ബ്രിട്ടീഷ് ഗവര്‍മ്മെണ്ടെന്നാണര്‍ത്ഥം.! ഇടപ്പള്ളിരാജാവിനു സൂര്യനസ്‍തമിക്കാത്ത സാമ്രാജ്യത്തോട് കളിക്കാന്‍ പറ്റില്ല.

 ഉന്നത തലങ്ങളില്‍ നടന്ന കൂടിയാലോചന വിജയിച്ചു. ഇലയ്‍ക്കും മുള്ളിനും കേടുകൂടാത്ത പോംവഴി കണ്ടുപിടിക്കപ്പെട്ടു. ഇടപ്പള്ളിയുടെ വടക്കുഭാഗത്തു- എളമക്കര, പേരണ്ടൂര്‍ ഭാഗത്ത്- കിഴക്കു പടിഞ്ഞാറായി 'വടുതല' വരെയുള്ള മൂന്നുമൈല്‍ ദൂരം വരുന്ന പ്രദേശം വിജനവും ശൂന്യവുമാണ്. കായലും ചതുപ്പും പാടവും ചുള്ളിക്കാടും കൊണ്ടുള്ള കാലംചെല്ലാമൂല! പേടിച്ചാരും പട്ടാപ്പകല്‍ പോലും ചെല്ലാറില്ല. മുന്‍കാലങ്ങളില്‍ ഇടപ്പള്ളിരാജാവ് വധശിക്ഷ നടപ്പാക്കിയിരുന്നതവിടെയാണ്. അതുകൊണ്ട് അവിടെ മുഴുവന്‍ ചോരകുടിക്കുന്ന 'അറുകൊലകള്‍' എന്നറിയപ്പെടുന്ന പ്രേതങ്ങള്‍ വിഹരിക്കുന്നു. ഇടപ്പള്ളിക്കാരുടെ പേടിസ്വപ്‍നമാണവിടം.തീവണ്ടി അതിലേ പോകുമെങ്കില്‍ ഇടപ്പള്ളിക്കാര്‍ക്കൊരു കുഴപ്പവുമില്ല. ഇടപ്പള്ളി രാജാവ് തന്റെ പ്രജകളെ സമാധാനിപ്പിച്ചു: "ആ പ്രദേശം മുഴുവന്‍ വെള്ളച്ചാലല്ലെ? അവിടം മുഴുവന്‍ നികത്തി, റെയില്‍ വെക്കാന്‍ പാകത്തില്‍ മണ്ണിട്ട് പൊക്കി,സായിപ്പന്‍മാര്‍ മുടിയട്ടെ. ഇനി, തീവണ്ടി ഓടിച്ചെന്നു തന്നെ വരികില്‍ അവിടെയുള്ള ഭൂതപ്രേത പിശാചുക്കള്‍ വണ്ടിയെടുത്ത് വെള്ളത്തില്‍ എറിയുകയും ചെയ്യും!"

 ഭൂമിയുടെ വില തിട്ടപ്പെടുത്തി അനുവദിച്ച ഒരു നല്ല സംഖ്യ രാജാവ് നിരസിക്കുകയാണ് ചെയ്‍തത്.ഇടപ്പള്ളി ഇളങ്ങള്ളൂര്‍ സ്വരൂപം ഭൂമി വിറ്റ് പണം വാങ്ങുന്ന കീഴ്‍വഴക്കമില്ല. രാജകുടുംബത്തിന് അപമാനമാണത്. ഭൂമി സൗജന്യം കൊടുത്തതിന് പ്രത്യുപകാരമായി രാജാവിന് മദ്രാസ് ഗവര്‍ണര്‍ ഒരു സൗകര്യം ചെയ്‍തുകൊടുക്കാന്‍ തീരുമാനിച്ചു. ഇടപ്പള്ളി റെയില്‍വേ സ്‍റ്റേഷനില്‍ നിന്ന് ഒരു മൈല്‍ അകലെയുള്ള രാജാവിന്റെ മഠത്തിലേക്ക് ഒരു രാജകീയ ശാഖറെയില്‍ ഇട്ടുകൊടുക്കുക! രാജാവിന് തന്റെ വാസസ്‍ഥലത്തുനിന്ന് നേരിട്ടു തീവണ്ടി യാത്ര ചെയ്യാം. പക്ഷെ, രാജാവ് സമ്മതിച്ചില്ല. "ഇവിടെക്കൂടി വേണ്ടെന്നും പറഞ്ഞ് വടക്കെത്തലയ്‍ക്കലെ പ്രേതക്കട്ടിലേയ്‍ക്ക് തള്ളിക്കളഞ്ഞ മാരണം ഇപ്പോള്‍ നമ്മുടെ മഠത്തിലേയ്‍ക്കു കൊണ്ടുവരികയൊ? "

 ആദ്യമായി തീവണ്ടി ഓടുന്ന ദിവസം ഇടപ്പള്ളിയിലെ ആബാലവൃദ്ധം ജനങ്ങള്‍ ദൂരെ മാറിനിന്ന് നോക്കി.ഭൂതപ്രേതപിശാചുക്കള്‍ തീവണ്ടി മറിക്കുന്നത് കാണാന്‍ ആകാംക്ഷയോടെ കാത്തുനിന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. വണ്ടി നേരേ ഓടിപ്പോയി.

ജനം അത്‍ഭുത സ്‍തബ്‍ധരായി നിന്നപ്പോള്‍ ഒരു ബുദ്ധിശാലി വിളിച്ചുപറഞ്ഞു: "പ്രേതങ്ങള്‍ക്ക് ഇരുമ്പിനെ പേടിയാണ്. തീവണ്ടി ഇരുമ്പു കൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ളത്.!" കേട്ടവര്‍ പ്രതിവചിച്ചു. "അപ്പോള്‍ സായിപ്പിന് നമ്മളെക്കാള്‍ ബുദ്ധിയുണ്ട്...!"
(ദേശാഭിമാനി 1989 ഏപ്രില്‍ 23 ഞായര്‍ ) 

3 കമന്‍റുകള്‍:

azeez said...

തീവണ്ടിപ്പാതയുടെ കഥ വളരെ രസകരമായി. ചേരാനല്ലൂരില്‍ ജനിച്ചുവളര്‍ന്നിട്ടും ഈ കഥ അറിയുവാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. ചേരാനല്ലൂരില്‍ കൂടി അങ്ങിനെ ഒരു റയില്‍ലെയിനിന്‍റെ പ്രൊപോസല്‍ ഉള്ളതുപോലും അറിഞ്ഞിരുന്നില്ല.സ്വാതന്ത്ര്യത്തിനുമുമ്പുള്ള ഇത്തരം സംഭവങ്ങള്‍ അറിയുവാന്‍ സഹായിക്കുന്ന വാലത്തിന്‍റെ ഈ ലേഖനത്തിനും അത് പ്രസിദ്ധീകരിച്ച ഐന്‍സ്റ്റെന്‍റെ ബ്ലോഗിനും നന്ദി. ഇന്ന് ഒരു സെന്‍റിനു ഒരു കോടി വിലമതിക്കുന്ന വടുതല ഭാഗങ്ങള്‍ പണ്ട് ഒരു മനുഷ്യന്‍ സഞ്ചരിക്കാത്ത, ഭൂതപ്രേതങ്ങളുടെ നാടായിരുന്നുവെന്നു ചിന്തിക്കുവാന്‍ തന്നെ പ്രയാസം.പ്രേതങ്ങള്‍ വണ്ടി മറിച്ചിടുന്നത് കാണുവാന്‍ ആ നാട്ടിലെ പാവങ്ങള്‍ കാത്തിരുന്നത് നടക്കാത്തതുവഴി അവറ്റകളിലെ വിശ്വാസം നാട്ടുകാര്‍ക്ക് നഷ്ടമായി.ബ്ലോഗിലെ തീവണ്ടിയുടെ ചിത്രം ലേഖനത്തിന് യോജിച്ചതായി.സായ്വിന്‍റെ കുതിരപ്പട്ടാളം കാവലായി ഓടിക്കുന്ന ചിത്രം കുറെ നേരം നോക്കി നിന്നു.പക്ഷെ, എന്റെ നാട്ടിലെ ചേരാനല്ലൂര്‍ കര്‍ത്താക്കന്മാരോട് ഇന്ന് എനിക്ക് നന്ദിയുണ്ട്;ആ മാരണം ആ നാട്ടില്‍ നിന്നു കളഞ്ഞതിനു.പരദേശികളുടെ കള്ളമാടവും വേശ്യാ പോക്കറ്റുകളുമായി അല്ലെങ്കില്‍ എന്റെ നാട് മാറിയേനെ.ഈയിടെ നാട്ടില്‍ പോയപ്പോള്‍ അടിമഠവും അകത്തൂട്ടുമൊക്കെ കണ്ടു.അവര്‍ക്കിത്രമാത്രം രാജാധികാരമുണ്ടായിരുന്നുവോ!എന്റെ കൂടെ പഠിച്ച സുധാകരന്‍ കര്‍ത്താവിനേയും സതീഷ് കര്‍ത്താവിനേയും ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു.ഞാനും രാജ കുട്ടികളുടെ കൂടെയാണല്ലോ അല്‍ഫറൂഖ്യയില്‍ പഠിച്ചത്!നല്ല ലേഖനം. പഴയ ചരിത്രത്തിന്‍റെ ഒരു ചുമട്താങ്ങി പോലെ ഈ ലേഖനം സംരക്ഷിക്കപ്പെടേണ്ട "ചുമടുതാങ്ങി"യാണ്.

EINSTEIN VALATH said...

വിലപ്പെട്ട അഭിപ്രായം. നന്ദി.

santhoshmv250@gmail.com said...

വളരെ രസകരം. ഒരിരിപ്പില്‍ വായിച്ചു. വളരെ രസകരം .

Post a Comment