Friday, November 12

ശവപ്പെട്ടിക്കാര്‍

വേലചെയ്‍തത്രയ്‍ക്കു ക്ഷീണിച്ചു
വിശ്രമ- വേളയ്‍ക്കു ദാഹിച്ചണയുവോരെ,
താമസിപ്പിക്കുക യോഗ്യം താനല്ലല്ലൊ;
നാമീയുറക്കറ തീര്‍ക്ക വേഗം.
സൂക്ഷിച്ചുവേണം പണിയുവാന്‍;
ജീവിതം സൂക്ഷിച്ചു വയ്‍ക്കേണ്ട പെട്ടിയല്ലൊ.
കാരിരുമ്പിന്‍ പൂട്ടു വേണ്ട;
വന്‍പട്ടാള- പ്പാറാവു വേണ്ട,യെടുപ്പു വേണ്ട!
നല്ല മനുഷ്യനെ കക്കാന്‍ പ്രേരിപ്പിക്കാന്‍
കൊള്ളും നിധിയല്ലിതിന്റെയുള്ളില്‍.
നാലഞ്ചു മണ്‍തരി പോരും നിശ്ശബ്‍ദമെ-
ന്നാളുമാത്‍മാര്‍ത്ഥമായ് കാവല്‍ നില്‍ക്കാന്‍.
അല്‍പേതര പ്പണഗ്ഗര്‍വ്വിന്നചലങ്ങള്‍,
ശില്‍പകലാജയ രോമാഞ്ചങ്ങള്‍.
ഒക്കെയും പോമവസാനം പലകത-
ന്നിക്കൊച്ചുകൂടേയുപകരിക്കൂ.!
എത്രയോ നിര്‍മ്മിച്ചു തുന്നക്കാരന്തസ്സി-
ന്നാത്ത കുപ്പായങ്ങള്‍,കോമളങ്ങള്‍!
കീറിക്കഴിഞ്ഞവ,കീറാനിരിപ്പവ,ഓരോന്നു-
മങ്ങനെ നശ്വരം താന്‍!
ഇന്നുനാമിങ്ങനെതുന്നും കുപ്പായമേ-
യെന്നേയ്‍ക്കുമെന്നേയ്‍ക്കുമുള്ളതാകൂ!
ഇഷ്ടമായാലുമനിഷ്ടമായാലുമി-
തിട്ടേ മതിയാകൂ, മാനവന്‍മാര്‍!
ആത്തവേഗം പുറത്താകേണ്ടൊരദ്ധ്യാത്‍മ-
പ്പുസ്‍തകത്താളുകളെന്നപോലെ,
കൂട്ടരേ,നാമിപ്പലകത്തകിടുകള്‍
കൂട്ടിയിണക്കിയിണക്ക, വേഗം!
ചെങ്കോലിന്‍ പ്രൗഢിയും, വിത്തപ്രതാപവും
ചെന്തളിര്‍സൗന്ദര്യ സൗഭഗവും
കുമ്പിടുമിച്ചെറു പെട്ടി നിര്‍മ്മിക്കുന്നൊ-
രമ്പെഴും കൈയേ ,കൃതാര്‍ത്ഥമാകൂ.....

0 കമന്‍റുകള്‍:

Post a Comment