Thursday, December 23

ശൂരനാട്ടു കുഞ്ഞന്‍പിള്ള.

പ്രശസ്‍ത ഗവേഷണ പണ്ഡിതനായ വി.വി.കെ. വാലത്ത് മലയാളത്തിനു സംഭാവന ചെയ്യുന്ന മഹത്തായ ഗ്രന്ഥപരമ്പരയുടെ ത്രിതീയ സമ്പുടമാണ് "എറണാകുളം ജില്ലാ സ്‍ഥലചരിത്രം." ഒന്ന് ഓടിച്ചുനോക്കി, അത്യാവശ്യകാര്യങ്ങള്‍ക്കു തിരിയാന്‍ ഉദ്ദേശിച്ച് ഇത് കയ്യിലെടുക്കുന്നവര്‍ ഇതിന്റെ ആകര്‍ഷണത്തില്‍പ്പെട്ട് മറ്റെല്ലാം മറന്നു കൊണ്ട് വായിച്ചിരുന്നു പോകും. ഓരോ സ്‍ഥലങ്ങളേയും അവിടങ്ങളിലെ പൂര്‍വ്വകഥകളേയും ശ്രീ വാലത്ത് വിവരിക്കുമ്പോള്‍ ചരിത്രജിജ്ഞാസയും അത്‍ഭുതവും നമ്മുടെ ഹൃദയത്തില്‍ ഓളം തല്ലും. ചരിത്രഗവേഷണകുശലനും സാഹിത്യമര്‍മ്മജ്ഞനുമയ വാലത്തിന് സ്‍ഥലചരിത്രപ്രതിപാദനത്തിന് സ്വന്തമായ ഒരു രീതിയുണ്ട്. സാഹിത്യസരസമയ ഒരു ആഖ്യാനശൈലി. ചരിത്രപശ്‍ചാത്തലം കണ്ടെത്തി വിവരിച്ചുംകൊണ്ടാണ് ദേശകഥയിലേക്കു തിരിയുക. തന്റെ മാര്‍ഗ്ഗദീപങ്ങളേയും തീരുമാനങ്ങളേയും വ്യക്‍തമായി സൂചിപ്പിക്കുന്നുമുണ്ട്. പുരാതനകാലത്തേയ്‍ക്കാണ് താന്‍ സഞ്ചരിക്കുന്നതെന്നും അസ്‍ഥിപഞ്ജരമോ അസ്‍ഥിഖണ്ഡമോ വെച്ചുകൊണ്ടാണ് താന്‍ പൂര്‍വ്വരൂപത്തേയും പൂര്‍വ്വഭാവത്തേയും പുന:സൃഷ്‍ടി ചെയ്യുന്നതെന്നും അദ്ദേഹത്തിനു ബോധമുണ്ട്. അതുകൊണ്ട് അദ്ദേഹം സത്യാന്വേഷകനായ ഒരു യഥാര്‍ത്‍ഥപണ്ഡിതന്‍ എന്ന നിലയ്‍ക്ക് പൂര്‍വ്വസ്‍ഥിതി കാണാന്‍ ശ്രമിക്കുകയാണ് ചെയ്‍തിട്ടുള്ളത്. എറണാകുളം ജില്ലയെപ്പറ്റിയുള്ള സ്‍ഥലചരിത്രം വായിച്ചുതീര്‍ത്ത്, പുസ്‍തകം അടക്കുമ്പോള്‍ മനസ്സില്‍ പൊന്തിവരുന്ന ആഗ്രഹം ഈ ഗ്രന്ഥകാരന്‍ ഇതുപോലെ ശേഷമുള്ള ജില്ലകളുടേയും സ്‍ഥലചരിത്രം നിര്‍മ്മിച്ച് ഭാഷാദേവിക്കു സമര്‍പ്പിച്ചു കാണണമെന്നാണ്. അതിലേയ്‍ക്ക് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കേണ്ട കര്‍ത്തവ്യം കേരള സാഹിത്യ അക്കാദമിയോ സര്‍വ്വകലാശാലകളോ ഏറ്റെടുക്കുന്നത് ആശാസ്യമായിരിക്കും. സാധാരണ ഒരു പണ്ഡിതന് ഇത്തരം ജോലി സാദ്ധ്യമല്ല. മൂന്നു ജില്ലകളെ സംബന്ധിച്ച് ഗ്രന്ഥരചന ചെയ്‍ത് കഴിവു തെളിയിച്ച ശ്രീ വാലത്തിനെ ഈ ജോലി പൂര്‍ത്തിയാക്കാന്‍ പ്രേരിപ്പിക്കുന്നത് മഹത്തായ ഭാഷാസേവനം ആയിരിക്കും. 22-5-1991. 

0 കമന്‍റുകള്‍:

Post a Comment