Sunday, December 19

കിഴക്കു വെള്ള കീറുന്നു

അസംതൃപ്‍തിയുടെ അഗാധതകളിലേയ്‍ക്ക്
അടിമശ്ശവങ്ങള്‍ അധികമധികം അടിച്ചുതാഴ്‍ത്തപ്പെടുമ്പോള്‍
അവസാനമറ്റ അസ്‍ഥികൂടങ്ങളുടെ തലയ്‍ക്കു മീതേ
സ്വാതന്ത്ര്യത്തിന്റെ മത്തുപിടിച്ച തേരോട്ടം ഇരമ്പിപ്പായുമ്പോള്‍,
വിശപ്പിന്റെ വിറങ്ങലിച്ച മുഖാകൃതികള്‍ക്ക്
വിറളി പിടിച്ച വെടിയുണ്ടകള്‍ മറുപടി പറയുമ്പോള്‍,
ഈ അര്‍ദ്ധരാത്രിയുടെ
പേടിപ്പെടുത്തുന്ന നിഴല്‍പ്പാടുകളുടെ നടുക്കുവെച്ച്
ജയിലുകളായ ഞങ്ങള്‍
ലോക്കപ്പുകളായ ഞങ്ങള്‍
ചങ്ങലകളായ ഞങ്ങള്‍ ,
തല്ലിക്കൊഴിക്കപ്പെട്ട,
ഒറ്റിക്കൊടുക്കപ്പെട്ട,
ഒറ്റപ്പെടുത്തപ്പെട്ട ഞങ്ങള്‍,
രക്‍തമേഘങ്ങളണിനിരക്കുന്ന കിഴക്കിന്റെ നെറ്റിയി‍ല്‍
ചുകപ്പു ചായം കൊണ്ടെഴുതിച്ചേര്‍ക്കപ്പെട്ട
ചരിത്രത്തിന്റെ
ആദ്യത്തെ അദ്ധ്യായത്തിന്റെ പ്രഭാതത്തെ കാണുന്നു....
**********

0 കമന്‍റുകള്‍:

Post a Comment