Saturday, February 25

വാലം കരയിലേക്കുള്ള നടവഴി

   വാലം കരയിലേക്കുള്ള   നടവഴി       


വാലം   എന്നത്    ഒരു  കുഗ്രാമമാണ്.   എറണാകുളം   ജില്ലയുടെ   പടിഞ്ഞാറേ അറ്റത്ത് ,   പെരിയാറിന്റെ   കരയില്‍.  അക്കരെ   വരാപ്പുഴ.  ഭൂരിപക്ഷം  ഈഴവരാണെങ്കിലും   ക്രിസ്ത്യാനികളും   മുസ്ലിങ്ങളും   ധാരാളമുണ്ട്'.  
                അച്ഛന്‍   വേലു പൂജാരി.  അമ്മ    പാറു.   രണ്ടു പേരും   സാമാന്യം    നല്ലതോതില്‍   ദാരിദ്ര്യം   കൊണ്ടുനടന്നിരുന്നു,   ഒരു അനുഷ്ഠാനം  പോലെ.
പൂജകള്‍  കഴിഞ്ഞ്   അച്ഛന്‍   മടങ്ങി വരുമ്പോള്‍   തലയില്‍  ഒരു  ഭാണ്ഡവും   ഉണ്ടാകും.  കാക്കാമാപ്പിളയുടെ  പാലം ഇറങ്ങി  പാടവരമ്പത്തൂടെ   അച്ഛന്‍ വരുന്നത്    അകലെ നിന്നേ   കാണാം.   വരമ്പ്‌   പോകുന്ന വഴിയ്ക്കൊക്കെ    വളഞ്ഞും തിരിഞ്ഞും   പിന്നെയൊരു    ദുര്‍ഘട പാലവും   കൂടി  കടന്നു  വീടെത്തുമ്പോള്‍  ഒരുപാട്   വൈകും.   ഞങ്ങള്‍    കാത്തു നില്കും , അക്ഷമയോടെ.    അച്ഛന്‍    തിണ്ണയില്‍  വന്നു  കയറുന്ന   പാടെ,     ഭാണ്ഡം  ചുമടിറക്കും.     അമ്മ    അച്ഛന്റെ    കാര്യങ്ങള്‍ നോക്കും.    ഞങ്ങള്‍   മക്കള്‍     ഭാണ്ഡം  തുറക്കും.       എത്ര  വിസ്മയത്തോടെ യാണ്   ഞങ്ങള്‍    ആ  നിധി    പരിശോധിച്ചിരുന്നത്   എന്ന് എനിക്ക് നല്ല ഓര്‍മ്മയുണ്ട്.  ഒരു    മുണ്ടു നിറയെ   നെല്ല്,   പലജാതി അരികള്‍  കൂടിക്കുഴഞ്ഞത്,  മലര്,  അവില്‍,  ചന്ദനത്തിരി,  പഴം,ഓറഞ്ച്   അങ്ങിനെ......അമ്മ ക്ഷമയോടെ  വീണ്ടും വീണ്ടും  പരതും .    ഒടുവില്‍  വെള്ളിനാണയങ്ങള്‍   ഒന്നൊഴിയാതെ   അമ്മ   കണ്ടെടുക്കും.   അത്  എണ്ണി,മടിശ്ശീലയില്‍ കെട്ടി, കുളി കഴിഞ്ഞ് വരുന്ന   അച്ഛനെ  ഏല്‍പ്പിക്കും.    അച്ഛന്‍ അത്    അമ്മയെ   തന്നെ   തിരിച്ച്  ഏല്പിക്കും.     എന്നിട്ട്  വിഷാദത്തോടെ   പറയും...  ഒന്നിനും   തെകീല്യാ. 
                   ആ തികയായ്ക   അച്ഛന്റെ  ആയുസ്സു മുഴുവന്‍   കൂടെയുണ്ടായിരുന്നു.    പല ദിവസങ്ങളിലും   രാവിലെ  കഞ്ഞി കുടി കഴിഞ്ഞ്   സ്കൂളിലേയ്ക്ക്   ഇറങ്ങുമ്പോള്‍  അമ്മ  പറയുമായിരുന്നു :
               കൃഷ്ണാ,  മകനേ   ഉച്ചയ്ക്കു   വരണ്ടാട്ടോ.
               അടുക്കളയില്‍  ഒന്നുമുണ്ടാകില്ല. 
               ഞാനും   ജേഷ്ഠന്‍ മാധവനും    ഉച്ചപ്പട്ടിണി.   എന്തൊരു    കൊടിയ    അന്യായമാണത് !   വാലംകരയിലും സമീപദേശങ്ങളിലും     അറിയപ്പെടുന്ന    അക്ഷരഗുരുവും   പുരോഹിതനുമായ    വേലുപ്പൂജാരിയുടെ  മക്കള്‍    ഉച്ചപ്പട്ടിണിയാവുക എന്നത്‌    വളരെ  വലിയ വൈരുദ്ധ്യമായി    എനിക്ക്   അന്നേ  അനുഭവപ്പെട്ടിരുന്നു.     ദൈവങ്ങളിലുള്ള     രക്ഷാബോധം     ചെറുപ്പത്തിലേ   എനിക്ക്     നഷ്ടമായിക്കൊണ്ടിരുന്നു.   തൊട്ടുമുമ്പിലെ     ഒഴിഞ്ഞ   ഓട്ടു  കിണ്ണവും     അടുക്കളയിലെ   കത്താത്ത   അടുപ്പും   എന്നില്‍    വിദ്വേഷം    പാകി.   അത് മുള പൊട്ടി.  വളര്‍ന്നു.  
ഭൂമിയില്‍  ഞാന്‍  മാത്രമല്ല,  വിശന്നിരിക്കുന്നത്  എന്ന  തിരിച്ചറിവ്    ഒരു ഞെട്ടലോടെയാണ്‌  ഞാന്‍    അംഗീകരിച്ചത്‌. ലോകജനതയില്‍    വലിയൊരു പങ്ക്    ദാരിദ്ര്യത്തിലും   രോഗത്തിലും   ഒടുങ്ങുമ്പോള്‍     ന്യൂനപക്ഷം    പ്രഭുക്കളായി  സുഖിക്കുന്നു.     പ്രഭുക്കളും   രാജാക്കന്മാരുമായി    ചിലര്‍    പിറവിയെടുക്കുന്നു.   അതിന്റെ   വ്യാകരണം    എനിക്ക് തീരെ   മനസ്സിലായില്ല.  

               ഒരു ഓലക്കുടിലിലാണ്....    ഇതുപോലുള്ള    ഒരു
 പട്ടിണിക്കോലായിലാണ്     ഞാന്‍   ജീവിതത്തെ     

കണ്ടത്.    അറിഞ്ഞത്..... ഈ മര ഉരലും ,  അരകല്ലില്‍ ഉറങ്ങുന്ന  

അമ്മിയും  ഒരു കാലത്ത്    എന്റെ   ആഡംബരങ്ങളും.!    ഞാന്‍ 

ഇതിന്‍റെയെല്ലാം  ഉടമയായ    വേലു പൂജാരിയുടെ    മകനാണല്ലോ!
              
                 അച്ഛന്‍    ധാരാളിത്തം    അറിഞ്ഞിട്ടില്ല.     ആരെയും    അറിഞ്ഞു കൊണ്ട്    ഉപദ്രവിച്ചിട്ടില്ല.
                    ഒരിക്കല്‍    മുട്ടക്കച്ചവടക്കാരന്‍    മാപ്ല      ഞങ്ങളുടെ   പടിഞ്ഞാറേ   അതിര്   കയ്യേറി.    ഒരു   നിര    അടയ്ക്കാ മര തൈകള്‍    പറിച്ചു    പുഴയിലെറിഞ്ഞു.   . അച്ഛന്‍     നട്ടതും    ഞങ്ങള്‍   നനച്ചുകൊണ്ടിരുന്നതുമാണ്.     നൂറു  തൈകള്‍.    എവിടെയോ     പൂജ   കഴിഞ്ഞു   വന്നപ്പോള്‍    അമ്മ    സംഭവം    അച്ഛനെ  അറിയിച്ചു.    അച്ഛന്‍    പടിഞ്ഞാറേ    അതിരില്‍   ചെന്ന് നോക്കി.   അവിടെ മാപ്ലയുടെ    പുതിയ    വേലി കണ്ടു.  അച്ഛന്‍   അതെല്ലാം   വലിച്ചു പറിച്ചെടുത്തു  ദൂരെയ്ക്കെറി യുമെന്നു    ഞങ്ങള്‍     വിചാരിച്ചു.    അവിടെ   ഞങ്ങള്‍ക്ക്    തെറ്റി.    സാരമില്ല.    ആ   പാവം    എടുത്തു കൊള്ളട്ടെ,   ഇല്ലാഞ്ഞിട്ടല്ലേ?  അച്ഛന്‍    തിരിച്ചു നടന്നു.    ഒരു    പുതിയ    പാഠം    ആണ്   ഞങ്ങള്‍ക്ക്    ലഭിച്ചത്.
                    അധികം    വൈകാതെ    വാര്‍ത്ത   പരന്നു.    മുട്ടക്കാരന്‍   മാപ്ല   അങ്ങാടിയില്‍   തലചുറ്റി വീണു.
വീട്ടില്‍  കൊണ്ടുവന്നത്    സ്വന്തം    കുട്ടയില്‍    മടക്കിച്ചുരുട്ടിക്കിടത്തിയാണ്.     അച്ഛന്‍    പോയി കണ്ടു.     എന്നിട്ട്   പറഞ്ഞു.  .   മാപ്ല     കുട്ടയില്‍   തന്നെ    മയ്യത്തായി.     അയാള്‍ക്ക്‌    അത്രയും സ്ഥലമേ   വേണ്ടിയിരുന്നുള്ളൂ.........
**************************************************
                                         


 0 കമന്‍റുകള്‍:

Post a Comment