Sunday, November 21

എന്നും ഓണം

ഓരോ കുടിലിലും നാളുതോറു-
മോണമാഘോഷിച്ചിടുന്ന കാലം
ചിത്തംകുളിര്‍ക്കുമാറൊന്നുകാണ്മാ-
നിദ്ധരയ്‍ക്കെന്നു കഴിയുമാവോ!
കോമളസ്വപ്‍നങ്ങള്‍ കണ്ടുകണ്ടു
കോള്‍മയിര്‍ക്കൊള്ളുമിക്കേരളത്തില്‍
കര്‍ക്കടകത്തിലെക്കൂരിരുട്ടിന്‍
ദുര്‍ഘടവിഘ്‍നങ്ങള്‍ തള്ളിനീക്കി,
ഭിന്നമാം നവ്യ വെളിച്ചവുമായ്
വന്നു നീ,വന്നു നീയോണനാളേ!
പുല്ലിനും പൂക്കള്‍നിറഞ്ഞകാലം
ഫുല്ലപ്രസന്നം ധരയഖിലം
മായാതിരിക്കട്ടെ നിന്‍മധുര
മാദകാകര്‍ഷക ശ്രീവിലാസം!
തൃക്കാക്കരപ്പനെപ്പോലെ ചാലേ
നില്‍ക്കുന്നു കുന്നുകള്‍ നാലുപാടും
ഓളമുലയ്‍ക്കും വയലുകളും
ഓലക്കമേറും തളിര്‍ത്തകാടും
ചേണുറ്റവെള്ളിയില്‍വാര്‍ത്തെടുത്തോ-
രോണനിലാവുംനിരന്നുനീളേ,
ഓരോകുടിലിലും നാളുതോറും
ഓണമാഘോഷിച്ചിടുന്നകാലം
ചിത്തംകുളിര്‍ക്കുമാറൊന്നുകാണ്മാ-
നിദ്ധരയ്‍ക്കെന്നു കഴിയുമാവോ!....
************************

0 കമന്‍റുകള്‍:

Post a Comment