Sunday, November 21

പടയിലെ പ്രണയം

love in the war

( നവജീവന്‍ ,തിരുവനന്തപുരം )

പ്രാണാധിനാഥേ,പടയിലെന്റെ
പ്രാണന്‍പിരിഞ്ഞാല്‍ നീയെന്തുകാട്ടും?
            ധീരനാമങ്ങയെപ്പറ്റി ഞാനോ,
            കോരിത്തരിച്ചൊരു പാട്ടുപാടും.
ആവിലമാനസയായി നീയീ-
ഭൂവില്‍ വിധവയായ്‍ത്തീരുകില്ലേ?
            പോരില്‍ മരണത്തിന്‍ മാറിലോളം
            ചോരതിളച്ച യുവഭടന്റെ
            ഏതും കൂസാഞ്ഞ യുവഭടന്റെ
            ഏകവിധവയെന്നുള്ള കാര്യം
            ഞാനഭിമാനകരവികാരാ-
            ധീനയായ്‍നിന്നു ഞെളിഞ്ഞുചൊല്ലും.
            നര്‍മ്മാനുരാഗലഹരിതൂകി
നമ്മള്‍ വിവാഹിതരായശേഷം
ഇച്ചെമ്പനിനീര്‍ച്ചെടിത്തൊടിതന്‍
കൊച്ചുമൊട്ടൊക്കെ വിടര്‍ന്നേയുള്ളു!
മാധുര്യപൂര്‍ണ്ണമധുവിധുവിന്‍
മാദകകേളികള്‍ നിന്നുമില്ല.
ഇത്രവേഗത്തിലോ മോഹനേ,ചൊ-
ല്ലിത്ര വേഗത്തിലോ...ദുസ്സഹം,മേ.
            ഇമ്മട്ടു ചിന്തിച്ചു വൈകിയാലോ,
            നമ്മള്‍തന്‍രാജ്യം നമുക്കു ജീവന്‍!
മഞ്ജുവായ്‍പൂത്തുവെളുത്തുനില്‍ക്കും
മഞ്ഞിന്റെ വൃന്ദാവനാന്തരത്തില്‍
മന്ദസ്‍മിതോല്ലസല്‍പൂനിലാവും
മന്ദാക്ഷലോലമായ് വന്നുനില്‍പ്പൂ!
ആത്തഗംഭീരമായ്‍ ശത്രുവൃന്ദം
ആര്‍ത്തടുത്തങ്ങതാ വന്നുനില്‍പ്പൂ!
പേര്‍ത്തും മുഴങ്ങുന്നു,പക്ഷികള്‍തന്‍
ചിത്തംകുളിര്‍ക്കുന്ന കാകളികള്‍
പേര്‍ത്തും മുഴങ്ങുന്നു വൈരികള്‍തന്‍
ചിത്തം കുലുങ്ങുന്ന പോര്‍വിളികള്‍
എങ്ങനെ പോകാന്‍ ഞാനാത്മനാഥേ?
             എങ്ങനെ? പോകാഞ്ഞാലാത്മനാഥാ
             പിന്‍മടങ്ങീടാതെ പോയ്‍പൊരുതൂ!
             നമ്മള്‍തന്‍ രാജ്യം നമുക്കു ജീവന്‍
എന്നാലു...മെന്നാലു.......മൊന്നുകൊണ്ടു-
മെന്നടിനീങ്ങുന്നീലോമലാളെ......
************************

0 കമന്‍റുകള്‍:

Post a Comment