Sunday, November 21

രണ്ടു മഴ വീണാലോ?



മാതൃഭൂമി ആഴ്‍ചപ്പതിപ്പ്1939ജൂണ്‍ 18


കഞ്ഞിയ്ക്കായ് കരഞ്ഞു കണ്‍പോളകള്‍വീര്‍പ്പിക്കുന്ന
കുഞ്ഞിനെ മടിയില്‍വച്ചോതിനാന്‍ ഗൃഹനാഥന്‍
"ഇന്നു പാവമെന്‍കുട്ടി പട്ടിണി,ഞാനോ വീട്ടില്‍
വന്നപ്പോഴൊരുപാടുനാഴികയിരുട്ടിപ്പോയ്
ഇന്നലെ വേലചെയ്തതിന്നുടന്‍ മുതലാളി
തന്ന കൂലിയോ "നാളെ വാ" യെന്ന ചൊല്ലല്‍ മാത്രം
"ഇന്നരിയ്ക്കൊരു മാര്‍ഗ്ഗം കാണിയുംകാണായ്കയാല്‍
ചെന്നവിടേയ്ക്കുതന്നെ ക്ഷീണിച്ചു സസംഭ്രമം
ദൂരെയെങ്ങോ പോയൊരദ്ദേഹമെത്തീടുവാന്‍
നേരമങ്ങിരുട്ടിപ്പോയ്, ഞാനതുവരെ നിന്നേന്‍./
നാനാഴി നെല്ലുതന്നാനൊടുവില്‍ അതു കീറ-
നാടത്തിന്‍തുമ്പില്‍ക്കെട്ടിവീടണഞ്ഞൊരുവിധം.
നെല്ലല്ലേ? യിരുട്ടല്ലേ? ഇപ്പോഴേയതു
കുത്തിവല്ലവാറുമൊന്നുമി നീക്കാന്‍കഴിഞ്ഞുള്ളു."
പിന്നെ,മിന്നിയുംകെട്ടും നിന്നിടുമടുപ്പിലേ-
ക്കുന്നമല്‍ ബാഷ്‍പാകുലക്കണ്‍മുന നീട്ടിച്ചൊല്ലി;
"വേകുമാറായൊ? കുഞ്ഞു കരഞ്ഞു ചാകാറായി
വേഗമാകട്ടെ,യൊന്നു തിളച്ചാല്‍ മതിയെടീ...
"ഇന്നിതെങ്കിലുമുണ്ട് ," നീണ്ടൊരു വീര്‍പ്പിട്ടയാള്‍
ഖിന്നനായ്‍ചൊല്ലീ," രണ്ടു മഴവീണാലോ,പിന്നെ?"
*****************************************

0 കമന്‍റുകള്‍:

Post a Comment