Sunday, November 7

സാഹിത്യനിപുണന്‍ ടി.എം. ചുമ്മാര്‍ - വലത്തിനെ കുറിച്ച്


  1938 മുതല്‍ വി.വി.കെ. വാലത്ത് മാതൃഭൂമി ആഴ്‍ചപ്പതിപ്പ്, ദീപിക, ദീപം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ തിടര്‍ച്ചയായി കവിതകളെഴുതിയിരുന്നു. എന്നാല്‍, അവ ഇന്നേവരെ സമാഹരിച്ച് പ്രസിദ്ധപ്പെടുത്താതെ പോയത് കഷ്‍ടമെന്നേ പറയാനുള്ളു. ഇനിയെങ്കിലും അങ്ങനെ ചെയ്താല്‍ കൊള്ളാമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. പദ്യശാഖ വിട്ട് ഗദ്യശഖയിലേക്ക് കടന്നതോടെ അദ്ദേഹത്തിന്റെ കവിതകളെപ്പററിയുള്ള ഓര്‍മ്മ പലരില്‍ നിന്നും വിട്ടുപോയിട്ടുണ്ടെന്നാണ് തോന്നുന്നത്. എനിക്കു തന്നെയും ഒരബദ്ധം പിണഞ്ഞിരുന്നു. അടുത്ത അവസരത്തില്‍ മാതൃഭൂമി ആഴ്‍ച്ചപ്പതിപ്പ് തുടങ്ങിയവയുടെ ചില പഴയ ലക്കങ്ങള്‍ മറിച്ചുനോക്കുമ്പോളാണ് വാലത്തിന്റെ കവിതകളെപ്പറ്റി വീണ്ടും സ്‍മരിക്കുവാന്‍ ഇട വന്നത്. അവ എന്നെ അത്‍ഭുതപ്പെടുത്തി, എന്നുതന്നെ പറയട്ടെ. കാവ്യലോകത്തില്‍ പ്രതിഷ്‍ഠ പ്രാപിച്ചിട്ടുള്ള പല കവികളെക്കാളും കാവ്യദേവത അക്കാലത്ത് അദ്ദേഹത്തെ അനുഗ്രഹിച്ചിരുന്നുവെന്നാണ് അവ വായിച്ചപ്പോള്‍ എനിക്കു തോന്നിയത്. പാവങ്ങളുടേയും അസ്വതന്ത്രരുടേയും ഭാഗത്തു നിന്നു കൊണ്ടാണ് കവി പലപ്പോഴും പോരാടിയിരുന്നത്. ഒന്നുമാത്രം ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. 1939 ജനുവരി ലക്കം മാതൃഭൂമി ആഴ്‍ചപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തിയ "ഇരുട്ടത്ത്" എന്ന കവിതയാണ് ഞാന്‍ ഇവിടെ ലക്ഷ്യമാക്കുന്നത്. അര്‍ത്ഥകല്‍പ്പന, അലങ്കാരചാതുരി, ആശയമഹത്വം തുടങ്ങിയ കാര്യങ്ങളില്‍ അക്കാലത്ത് എഴുതിത്തുടങ്ങിയിരുന്ന ചങ്ങമ്പുഴയും വാലത്തും തമ്മില്‍ വളരെ സാദൃശ്യങ്ങളുണ്ടായിരുന്നു. രണ്ടുപേരിലും അതിശയിപ്പിക്കുന്ന ശൈലീഭംഗി കാണാമായിരുന്നു. ശ്രി വാലത്ത് കവിതാരംഗത്തു നിന്നു പിന്തിരിയാതിരുന്നെങ്കില്‍ മലയാളത്തിലെ ഒരു പ്രശസ്‍ത കവിയായി പേരെടുക്കുമായിരുന്നു, എന്നുള്ളതില്‍ എനിക്കു സംശയമില്ല. 

0 കമന്‍റുകള്‍:

Post a Comment