Sunday, November 21

എങ്ങനെ?

 
MATHRUBHOOMI AZHCHAPPATHIPPU 1938 OCTOBER

ചുട്ടുപഴുത്ത മരുവെക്കാള്‍ചൂടല്ലൊ
പട്ടിണിതന്റെ മണല്‍പ്പരപ്പില്‍.
ആഴിയെക്കാളും ഭയങ്കരമായിടു-
മാഴ,മസ്വാതന്ത്ര്യത്തിന്നു കാണ്മൂ!
തീപ്പുകയെക്കാള്‍കറുത്തോരസമത്വം
വീര്‍പ്പുമുട്ടിപ്പൂ--വിറയ്‍ക്കുന്നു ഞാന്‍.
കാലുചാണ്‍മാത്രമാമീവയറിന്നൊരു
നാലുവറ്റിന്നായിരന്നുപോയാല്‍
പാരതന്ത്ര്യത്തിനാല്‍ദ്ദാഹിച്ചൊരുതുള്ളി
സ്വാതന്ത്ര്യവെള്ളമിരന്നുപോയാല്‍
ഭീമശ്‍മശാനസ്‍ഥലിയിലൊരാറടി
ഭൂമിയളക്കുവാന്‍ കല്‍പനയ്ക്കായ്.
അല്ലെങ്കില്‍ ഘോരക്കരിങ്കല്‍ത്തുറുങ്കിന്റെ
വാതില്‍ തുറക്കുവാന്‍ കല്‍പ്പനയ്ക്കായ്.
രാജ്യത്തില്‍ നീതിയും നേരും നിയമവും
രാജിച്ചു മോദിച്ചു കാത്തുനില്‍ക്കും.
എങ്ങും ദുരന്തമാം മാര്‍ഗ്ഗമേ; ലോകത്തി-
ലെങ്ങിനെ കാലൊന്നെടുത്തുകുത്തും?
*********************

0 കമന്‍റുകള്‍:

Post a Comment