Saturday, November 20

വെള്ളപ്പൊക്കം

മാതൃഭൂമി ആഴ്‍ചപ്പതിപ്പ്  1940 ആഗസ്‍റ്റ്
"ഇങ്ങനെ തീകാഞ്ഞുകൊണ്ടിരുന്നാല്‍മതിയെന്നോ,
എങ്ങനെ കഴിയും നാം?"തന്വി ഭേദിച്ചൂ മൗനം.
കത്തിയ നെരിപ്പോടില്‍ക്കൈത പൂക്കവേ,മന്ദം
ചിത്തവല്ലഭനോടു തുടര്‍ന്നാള്‍ സഗല്‍ഗദം.
"ഒട്ടുമില്ലൂരിയരി കാച്ചുവാന്‍ മാര്‍ഗം,വൃഥാ
കോട്ടുവായിടുകയാണടുപ്പും കലങ്ങളും!"
തീയിനെയാശീര്‍വ്വദിച്ചിരിക്കും ഭര്‍ത്താവോതീ,:
"തീരെ നീയറിയാതെ ചൊല്ലുകയാണോ കാന്തേ,
മടിയില്ലയിത്തോളില്‍ത്തൂമ്പയും വഹിച്ചിപ്പേ-
മഴയത്തുമേ കൂസലെന്യേ പോകാന്‍; പക്ഷേ,
ഒരുവേലയുമില്ല; കഷ്ടമായ്,തുരുമ്പിന-
ങ്ങിരയാകട്ടേ തൂമ്പ ; നമ്മളീവിശപ്പിനും.!
ഇരുണ്ടു നില്‍പൂ പേര്‍ത്തും മാരിയാല്‍ ഭൂവും ദ്യോവു-
മിരമ്പിപ്പായുന്നല്ലോ,ക്രൂരമായ് കൊടുങ്കാറ്റും!
എന്തിതിന്നവസാന,മെവിടെപ്പോകാന്‍ നമ്മള്‍?
ഹന്ത പൊന്തിടും നാളെ നിശ്‍ചയം മലവെള്ളം."
"സാരമില്ലുണ്ടില്ലെങ്കില്‍" പ്രേയസി ചൊന്നാളിപ്പുല്‍--
ക്കൂരയില്‍ കൂനിക്കൂടിക്കിടക്കാം മരിപ്പോളം.
കഠിനം,"വെള്ളമെങ്ങാന്‍ പൊങ്ങിയാല്‍!"കദനത്തിന്‍
കനലില്‍ദ്ദഹിച്ചുപോയ് തന്വിതന്‍ശബ്‍ദം പിന്നെ!
******************************

0 കമന്‍റുകള്‍:

Post a Comment