Saturday, November 20

വിമാനാക്രമണം

1942 മാര്‍ച്ച് 15
ഊക്കോടു പൊന്തീ കുഴല്‍വിളി, വന്‍വിമാ-
നാക്രമണത്തിന്റെ വിളംബരം പോല്‍.
തേടിയഭയം തിരക്കിട്ടു തീവ്രമാം
പേടികൊണ്ടന്ധരായ്, സംഭ്രാന്തരായി.
മാളിക വിട്ടിങ്ങു കാട്ടെലി മാതിരി
മാളങ്ങളില്‍* നൂണിറങ്ങുന്നു മാനവന്‍
മൃത്യുവെപ്പക്ഷങ്ങള്‍ കെട്ടിപ്പറപ്പിച്ച
മര്‍ത്ത്യ, നീ പേടിച്ചൊഴികയായൊ?
ജീവിതം ലോലാര്‍ദ്ര സൗന്ദര്യപൂരിത-
പൂവിതളാണെന്നു പാടീ, കവേ ഭവാന്‍.
കഷ്ടം തെളിയിച്ചു, "ഞാന്‍ മാത്രമാണേക-
സൃഷ്ടികര്‍ത്താവെന്നു" ശാസ്‍ത്രകാരാ,ഭവാന്‍.
സത്യവേദങ്ങളേ നിങ്ങള്‍ പ്രസംഗിച്ചു
മര്‍ത്ത്യനും മണ്ണും മരവുമൊന്നെന്നുമേ!
മന്നിതില്‍ മങ്ങാതെ സംസ്‍കാരമേ, നിന്നു
മിന്നിച്ചിരിച്ചു, നിന്‍കാനല്‍ജ്ജലങ്ങളും.
ഇന്നിതാ വേദോക്‍തി സാര്‍ത്ഥകമാക്കുമീ-
യുന്നതധ്വാനം ശ്രവിക്കുവിനേവരും!
തുംഗസൗധങ്ങള്‍തന്‍ സൗഭാഗ്യഭൂതിയില്‍
മുങ്ങിക്കുളിച്ചുള്ള ഭാഗ്യസമ്പന്നരേ,
പാതവക്കില്‍ക്കിടന്നയ്യൊ.പൊറുക്കാഞ്ഞ
വേദന കൊണ്ടു പിടഞ്ഞ നിര്‍ഭാഗ്യരേ,

ഇച്ചെറുമാളത്തിനുള്ളില്‍മനുഷ്യരായ്
നിശ്ചയം ഹാ! നിങ്ങളൊന്നിച്ചു, വിസ്‍മയം!
ആപത്തു സൗഹൃദം പോറ്റുവാനാണെങ്കി-
ലാകട്ടെ മോളിലിരമ്പുമീത്തീക്കളി.
*
ഷെല്‍റ്റ്ര്‍
************************

0 കമന്‍റുകള്‍:

Post a Comment