(നവയുഗം വാരിക. സാഹിത്യപ്പതിപ്പ്.1957 ഒക്‍ടോബര്‍ 5. )
ഒരു പൈ പോലും കയ്യിലില്ലാതെ അലഞ്ഞുതിരിയണം. കള്ളവണ്ടി കേറണം. പിടിച്ചിറക്കും. അടുത്ത വണ്ടിയില്‍ കേറണം. കയ്‍പേറിയ ജീവിതാനുഭവങ്ങളിലൂടെ, എങ്ങോട്ടെന്നില്ലാതെ, എന്തിനെന്നില്ലാതെ സഞ്ചരിക്കണം. അങ്ങനെ ഈ ഭൗതിക പ്രപഞ്ചത്തിന്റെ അതിര്‍ത്തിരേഖകള്‍ വരെ അലയാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാന്‍ ആശിക്കുകയാണ്.ഹയ്‍! എന്തു രസമാണത്!.." അത്ഭുതാധീനനായി ഞാനതു കേട്ടിരുന്നു പോയി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സാഹിത്യസേവനം പട്ടിണി അല്ല. ആകര്‍ഷകമായ വരുമാനം സാഹിത്യസേവനത്തില്‍ നിന്നു അസൂയാവഹമായിട്ടാണ് ചങ്ങമ്പുഴയ്‍ക്കു സിദ്ധിച്ചിരുന്നത്. ആ മഹത്തായ ഐശ്വര്യസിദ്ധി ഒരു വശത്ത്. സ്നേഹവതിയായ ശ്രീദേവിയും അരുമക്കുഞ്ഞുങ്ങളുംചേര്‍ന്ന കുടുംബസൗഭാഗ്യം മറുവശത്ത്. രണ്ടു ഭാഗ്യാനുഭൂതികളുടേയും നടുക്ക് സ്വന്തം മായാമോഹങ്ങളുടെ ഒരു കൃത്രിമ ഗോളം സൃഷ്ടിച്ച് അതില്‍ വാഴുവാനുള്ള ഒരു ആന്തരിക പ്രേരണ അദ്ദേഹത്തിന് എങ്ങനെ കിട്ടിയെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. "ടിക്കറ്റു പരിശോധകരുടെ കണ്ണു വെട്ടിച്ച് തീവണ്ടിയാത്ര ചെയ്യാന്‍ കുട്ടിക്കാലത്ത് എന്തു തമാശയായിരുന്നെന്നൊ!. ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ വണ്ടി വന്നാല്‍ നേരേ പിന്‍വാതിലില്‍ കൂടി അടുത്ത പറമ്പിലേയ്‍ക്കു ഒരു ഓട്ടം വെച്ചുകൊടുക്കും.": ദാരിദ്ര്യത്തിന്റെ കളിത്തൊട്ടിലിലാണ് ചങ്ങമ്പുഴ വളര്‍ന്നത്. അനതിവിദൂര ഭാവിയില്‍ താനതില്‍ നിന്നു മോചനം നേടുമെന്ന് അദ്ദേഹമറിഞ്ഞിരുന്നില്ല. മറ്റുള്ളവര്‍ സാഹിത്യാഭ്യസനത്തിന്റെ ഹരിശ്രീ കുറിക്കുന്ന പ്രായത്തില്‍ ചങ്ങമ്പുഴ വിഖ്യാതനായ കവിയായിത്തീര്‍ന്നിരുന്നു. . ആയിരമായിരം അനുവാചകരുടെ ആരാധനാലോകമണിയിച്ച പരിവേഷവും വഹിച്ച് പൊടുന്നനെ അദ്ദേഹം ഉയര്‍ന്നു നിന്നപ്പോള്‍ മലയാളസാഹിത്യം കോള്‍മയിര്‍കൊണ്ടു. അതിന്റെ ഔന്നത്യം വര്‍ദ്ധിച്ചു. " മതിമോഹനശുഭനര്‍ത്തനമാടുന്നയിമഹിതേ മമമുന്നില്‍ നിന്നുനീ മലയാള കവിതേ" എന്ന് അദ്ദേഹം തന്നെ പാടി. ചങ്ങമ്പുഴക്കൃതികളിലൂടെ സഞ്ചരിക്കുന്ന ഒരാള്‍ക്ക് ദിഗ്‍ഭ്രമം ബാധിക്കും. അദ്ദേഹത്തിനു സ്ഥിരമായ ഒരു താവളം ഉണ്ടായിരുന്നോ? ഇന്നു കണ്ടിടത്തു നാളെ കാണില്ല. സ്ഥിരമായ വിശ്വാസങ്ങളുടേയും, എല്ലാത്തര ലൗകിക, അലൗകിക ബന്ധങ്ങളുടേയുംകൈപ്പിടിയില്‍ നിന്നു കുതറിച്ചാടാനുള്ള സാമര്‍ത്ഥ്യം അദ്ദേഹത്തിനുണ്ടായിരുന്നു. പ്രാപഞ്ചിക രഹസ്യങ്ങളെ, നിഗൂഢമായ എല്ലാത്തരം ആസ്‍തിക്യങ്ങളെ,അദ്ദേഹം ധിക്കരിച്ചിട്ടുണ്ട്. ധിക്കരിക്കാന്‍ ആഹ്വാനം ചെയ്‍തിട്ടുണ്ട്. ( വിത്തനാഥന്റെ ബേബിക്കു പാലും നിര്‍ദ്ധനച്ചെറുക്കന്നുമിനീരും ഈശകല്‍പ്പിതമാകിലമ്മട്ടു- ള്ളീശ്വരനെച്ചവിട്ടുക നമ്മള്‍.) തനിക്കു തോന്നിയ വഴിയേ ചങ്ങമ്പുഴ സഞ്ചരിച്ചു. ആരോടും വഴിചോദിച്ചില്ല.എല്ലാചൂണ്ടുപലകകളേയും കബളിപ്പിച്ചുകൊണ്ട് ശ്മശാനശൂന്യതകളിലൂടെ ഏകനും ദു:ഖിതനുമായി കണ്ണീര്‍ വാര്‍ത്തും, എന്നാല്‍ പലപ്പോഴും മനോഹരപൊന്‍മാനായ മാരീചനെപ്പോലെ തുളളി്ച്ചാടിയും അദ്ദേഹം സഞ്ചരിച്ചു. അദ്ദേഹം കടന്നുപോയ മാര്‍ഗ്ഗങ്ങളിലെ കാലടിപ്പാടുകളില്‍ നിന്നു അവാച്യമായ ഒരു നാദബ്രഹ്മത്തിന്റെ ഗാനമേള മുഴങ്ങിക്കൊണ്ടിരുന്നു. ഗാനത്തിന്റെ ലഹരിയില്‍ തന്നിലെ താന്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതെയാകട്ടെയെന്ന് ജി.എഴുതിയിരുന്നു. എന്നാല്‍ ചങ്ങമ്പുഴയ്‍ക്കാണ് അതുഫലിച്ചത്. പരുപരുത്ത ജീവിതയാഥാര്‍ത്ഥ്യത്തിന്റെപാറപ്പുറത്ത് ഭാവനയുടെ പനിനീര്‍പ്പൂവും പച്ചപ്പട്ടും കൊണ്ട് കവിത രചിക്കുവാന്‍ ചങ്ങമ്പുഴയ്ക്കു കഴിഞ്ഞു. കവിതയിലെ ഭാവനയെ ഗാഢഗാഢം കെട്ടിപ്പുണര്‍ന്ന് ജീവിതം തന്നെ അദ്ദേഹത്തിനൊരു ഭാവനയായിപ്പോയി. "എന്‍മനം നൊന്തുനൊന്തങ്ങനെഞാനെന്റെ കണ്ണീരില്‍ മുങ്ങിമരിക്കുവോളം...." ചങ്ങമ്പുഴ പാടി. തൃശൂരുനിന്നു മടങ്ങിവന്ന് ,ചങ്ങമ്പുഴ ഇടപ്പള്ളിയില്‍ ഭാര്യാഗൃഹത്തില്‍ താമസമാക്കിയ കാലം. ഞങ്ങള്‍ തമ്മില്‍ സമ്പര്‍ക്കം പുലരുന്നത് അവിടം മുതല്‍ക്കാണ്. വീടിന്റെ വലതു വശത്ത് ഒരു വൈക്കോല്‍പ്പുര നിന്നിരുന്നു.ഒരു മുറിയില്‍ വൈക്കോലും മറ്റേമുറിയില്‍ പുസ്തകങ്ങളും കുത്തിനിറച്ചിരുന്നു. നടുക്കു അദ്ദേഹവും . വൈക്കോല്‍ത്തുരുമ്പും, സിഗരറ്റുകുറ്റിയും കരിഞ്ഞ തീപ്പെട്ടിക്കൊള്ളികളും അവിടെങ്ങും ചിതറിക്കിടക്കും. അദ്ദേഹം പറയാറുണ്ടായിരുന്നു.. ഇതൊരു വൃത്തികേടാണല്ലേ? എന്നാല്‍ എനിക്കിതിലൊരു സൗന്ദര്യം തോന്നുന്നു. ഒരു ദിവസം അദ്ദേഹം പറഞ്ഞു : "ഞാനുമുണ്ട്,നിങ്ങളുടെ കൂടെ. നമുക്കു ഒന്നു തുണ്ടത്തുംകടവു വരെ പോകണം കുറേ ഇഷ്ടിക വാങ്ങണം. ഈ വീടൊന്നു നന്നാക്കണം." നാലുനാഴിക നടന്നു ഞങ്ങള്‍ വരാപ്പുഴ കടത്തുകടവിലെത്തി.പെരിയാറിനെ സഹര്‍ഷം ഏറ്റുവങ്ങി,അവിടെവെച്ചു വരാപ്പുഴക്കായല്‍ അറബിക്കടലിനെ ലക്ഷ്യം വെച്ച് മന്ദം മന്ദം ഒഴുകുകയായിരുന്നു.നല്ല വെയിലും വെളിച്ചവുമുള്ള കാലം.ആകാശം അതിന്റെ ശോഭയേറിയ നീലച്ചായം ലോഭം കൂടാതെ കായലില്‍ പകര്‍ന്നുകൊണ്ടിരുന്നു. ഒരു നല്ല ചിത്രം വരച്ച പോലെ തെങ്ങുകളും ഇരുകരകളിലും നില്പ്പുണ്ടായിരുന്നു. കടത്തുകാരന്‍ പയ്യന്‍ വഞ്ചി തുഴയുകയാണ്. അറിയാതെ അവന്റെ ചുണ്ടില്‍ ഒരു സംഗീതം മുഴങ്ങി. "ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ- ക്കരളല്ലേ, നീയെന്റെ ജീവനല്ലേ....!" അവന്‍ തുടര്‍ന്നുള്ള വരികളും പാടിക്കൊണ്ടിരുന്നു. ഞാന്‍ ചങ്ങമ്പുഴയെ നോക്കി.അദ്ദേഹത്തിന്റെ മുഖത്ത് ഒരസാധാരണമായ പ്രസന്നതയുണ്ടായി. വഞ്ചി കരയ്‍ക്കടുത്തു. ഞങ്ങളിറങ്ങി. അദ്ദേഹം ഒരു രൂപ അവന്റെ കയ്യില്‍ വെച്ചുകൊടുത്തു.രണ്ടുപേര്‍ക്ക് ഒരണയാണ് കടത്തുകൂലി. ബാക്കി പതിനഞ്ചണ തിരിച്ചുകൊടുക്കാന്‍ അവന്റെ കയ്യില്‍ ചില്ലറ തികയുകയില്ലെന്ന് അവന്‍ പറഞ്ഞു. " വേണ്ട . അതു താനെടുത്തോ!..." എന്നിട്ടദ്ദേഹം എന്നേയും വിളിച്ച് ഒരു നടത്തം കൊടുത്തു. അദ്ദേഹം പറഞ്ഞു. "വാസ്‍തവത്തില്‍ അവന്‍ എന്റെ കവിത ചൊല്ലിയപ്പോള്‍ എനിയ്‍ക്കുണ്ടായ ആനന്ദം അതെഴുതിയപ്പോള്‍ എനിക്കുണ്ടായിരുന്നില്ല. ഞാനാ ഒരു രൂപാ അവനു പാരിതോഷികം നല്‍കിയതാണ്. " കുറേ നടന്നു ഞാന്‍ തിരിഞ്ഞു നോക്കി. അവന്‍ ഞങ്ങളെത്തന്നെ നോക്കി മിഴിച്ചു നില്‍ക്കയാണ്. പാവം, അവനറിഞ്ഞുകൂടാ,അത് അവന്റെ പ്രിയപ്പെട്ട ഗാനത്തിന്റെ നിര്‍മ്മാതാവാണെന്ന് വീടു പരിഷ്കരിക്കപ്പെട്ടു.അതിനു പുത്തന്‍ 'ഗെറ്റപ്പു' വീണു. വൈക്കോല്‍പ്പുരയില്‍ നിന്ന് അദ്ദേഹത്തിന്റെ എഴുത്തുമുറിക്കു കയറ്റം കിട്ടി. കുഷന്‍ കസേരകളും ഉപകരണങ്ങളും വന്നു. ഒരുഭാഗത്ത് ഒരു ഉയര്‍ന്ന മേശപ്പുറത്ത് തന്റേയും പ്രിയതമയുടേയും ഓരോ വര്‍ണ്ണചിത്രം ചേര്‍ത്തുവെച്ചിട്ടുണ്ട്. ബുക്കലമാരകളില്‍ വിശ്വസാഹിത്യകാരന്മാര്‍ വരിവരിയായി സ്ഥാനം പിടിച്ചിട്ടുണ്ട്. രാത്രിയാണ് എഴുത്ത്. രാവിലെ, ഞാനവിടെ ചെല്ലുമ്പോള്‍ പത്തുമണി കഴിഞ്ഞിരിക്കും. അപ്പോഴാണ് ഉറക്കമുണരുക. ഭര്യ ഓരോ കപ്പു ചായയുമായി വരും. വര്‍ത്തമാനം പറയുന്ന കൂട്ടത്തില്‍ തോര്‍ത്തും സോപ്പും ഉമിക്കരിയും സിഗരറ്റ് പായ്‍ക്കറ്റും തീപ്പെട്ടിയുമൊക്കെ എടുത്ത് യാത്രയാകും. നല്ല വെയിലു വീണിരിക്കും.ഞങ്ങളിറങ്ങി,ഇടവഴിയിലൂടെ നേരേ കിഴക്കോട്ടു നടക്കും. പണ്ടുകാലത്ത് വ്യാഴാഴ്‍ചച്ചന്തയെന്ന് അവിടങ്ങളില്‍ പറഞ്ഞിരുന്ന ഒരു സ്ഥലമുണ്ട്. തൊട്ട് ഒരു കാടുമുണ്ട്. (ആ കാട് ഇതെഴുതുമ്പോള്‍ വെട്ടിക്കൊല്ലപ്പെട്ടു കിടക്കുകയാണ്.) ചന്ത പോയിട്ടു കാടു വന്നതോ,കാടു വന്നതിനു ശേഷം ചന്ത പോയതോ എന്നു നിശ്ചയമില്ല. കാടിന്റെ എതിരേ വഴിവക്കില്‍ ത്തന്നെ ഓലക്കീറു കൊണ്ടു കുത്തിമറച്ച ഒരു കുടില്‍ നിന്നിരുന്നു. ആ പ്രദേശത്തിന്റെ ശൂന്യതയുടെ കാവല്‍പ്പുരയാണതെന്നു തോന്നും. കാടിന്റെ വെള്ളയില്‍ക്കൂടി വന്ന് വഴിയില്‍ പ്രവേശിച്ചു, സൂര്യരശ്മികള്‍ ആ കുടിലിലേയ്‍ക്കുയരും. അദ്ദേഹം ആദ്യം തലകുനിച്ച് അതിന്റെ ഉള്ളിലേയ്‍ക്കു കയറും. പുറകേ ഞാനും തലകുനിച്ച് അനുഗമിക്കും. നിലത്തു മണ്ണില്‍ തറച്ച കുറ്റികളില്‍ ഒരു പലക വെച്ചു കെട്ടി നിര്‍മ്മിക്കപ്പെട്ട ബെഞ്ചില്‍ ഞങ്ങളിരിക്കും. ഉടനെ ഒരാള്‍ ഇലയില്‍ പുട്ടും കടലയും പപ്പടവും ഞങ്ങളുടെ മുമ്പില്‍ കൊണ്ടുവന്നു വെയ്‍ക്കും., വളരെ വിനയഭാവത്തില്‍. പിന്നെ ഓരോ ഗ്ലാസ്സ് നിറയെ ചായയും. "എനിക്കിത്തരം ചായക്കടകളാണിഷ്ടം. " അദ്ദേഹം പുഞ്ചിരി തുകി. "എന്തു ടിപ്പിക്കലാണെന്നു നോക്കൂ...". പൂനാ , മദിരാശി തുടങ്ങിയ പരിഷ്കൃത നഗരങ്ങളില്‍ ചങ്ങമ്പുഴ പാര്‍ത്തിട്ടുണ്ട്. പക്ഷെ, ആ പരിസരങ്ങള്‍ ഇത്തരം ഗ്രാമീണ രംഗങ്ങളെപ്പോലെ അദ്ദേഹത്തിന്റെ കവിതകളെ പ്രലോഭിപ്പിച്ചിട്ടില്ല. ചായക്കുടിലില്‍ നിന്ന് ഞങ്ങള്‍ നേരേ വടക്കോട്ടു നടക്കും. അവിടെ ഒരു വിശാലമായ കുളവും ഒരമ്പലവുമുണ്ട്.മനോഹരമായ പൂഴി അവിടമെങ്ങും പൂക്കള്‍ വിതറിയിട്ടുണ്ടാകും.അദ്ദേഹം കുളത്തിന്റെ വക്കിലിരുന്നു പല്ലു തേയ്‍ക്കാന്‍ തുടങ്ങും. എന്നിട്ടു കുളത്തിലിറങ്ങി വസ്‍ത്രങ്ങളലക്കും. കുളി കഴിഞ്ഞു കേറുമ്പോള്‍ മണി ഒന്നു കഴിഞ്ഞിരിക്കും. ശ്രീദേവി ഊണും വെച്ചു കാത്തിരിക്കുകയാവും. അധികനാള്‍ കഴിഞ്ഞില്ല, പുതുക്കിപ്പണിത ഭാര്യാഗൃഹത്തില്‍ നിന്ന് അദ്ദേഹം സ്വഗൃഹത്തിലേയ്‍ക്ക് കുടുംബസമേതം താമസം മാറ്റി. ഇപ്പോള്‍ നന്നേ ക്ഷീണിച്ചിരുന്നു. ചില്ലറ ചികിത്‍സകളും തുടങ്ങിയിട്ടുണ്ട്.ആ വരാന്തയിലിരുന്നു കൊണ്ടു തലേരാത്രി എഴുതിത്തീര്‍ത്ത കവിത വളരെ ആവേശപൂര്‍വ്വം ഉറക്കെ വായിച്ചു കേള്‍പ്പിക്കാന്‍ ക്ഷീണം തോന്നാറില്ല. ചങ്ങമ്പുഴക്കവിതകളിലെ ചൂടേറിയ ഭാഗങ്ങള്‍ ഈ കാലഘട്ടത്തിലാണ് അദ്ദേഹം രചിച്ചത്. "ചുട്ടെരിക്കിന്‍" ഒരുദാഹരണമാണ്. അതു ചിത്രോദയത്തിനു പോസ്‍റ്റു ചെയ്യാന്‍പോകുന്നതിനു മുമ്പ് എന്നെ വായിച്ചു കേള്‍ പ്പിക്കുകയുണ്ടായി. വായന കഴിഞ്ഞപ്പോള്‍ അദ്ദേഹം വിയര്‍ത്തിരുന്നു. ഞാനാ കവിത എന്റെ "ഇടിമുഴക്ക" ത്തിന്റെ മുഖപേജില്‍ കൊടുക്കാന്‍ അനുവാദം ചോദിച്ചു. എങ്കില്‍ രണ്ടു വരി കൂടി ഇരിക്കട്ടെ, അദ്ദേഹം അവിടെ ഇരുന്നുകൊണ്ടുതന്നെ കുത്തിക്കുറിച്ചു. എന്നിട്ടു വായിച്ചു. " മമ ശബ്ദം മഹിയൊട്ടുക്കിടിവെട്ടിയലറുമീ, മമ ശബ്ദം കേള്‍ക്കുവിന്‍, മിഴി തുറക്കിന്‍....!" X X X X ചങ്ങമ്പുഴയ്‍ക്കു ക്ഷീണം ഏറിക്കൊണ്ടിരുന്നു. ഒരു ദിവസം അദ്ദേഹം പറഞ്ഞു : ഒരു ആടിനെ വാറ്റി കഴിക്കണം.അതിനു വേണ്ട മരുന്നുകളെല്ലാം തയ്യാറായി. ഒരു കൂട്ടം മാത്രം കിട്ടിയിട്ടില്ല. " "എന്താ?" തെങ്ങിന്റെ ചാരായം വേണം." എന്റെ സ്ഥലത്തിനടുത്തു ചിറ്റൂരോ മറ്റോ കിട്ടുമെന്നു പറഞ്ഞു. തന്നു. എന്റെ അന്വേഷണം ഫലിച്ചു. സാധനം ഒരാള്‍ തരാമെന്ന് ഏറ്റു. എന്നാല്‍ അയാള്‍ക്ക് അത് ചങ്ങമ്പുഴയുടെ വീട്ടില്‍ എത്തിക്കാന്‍ ഭയം. കാരണം അത് തിരുവിതാംകൂറും ഇത് കൊച്ചിയുമാണ്. അന്നു സംയോജനം നടന്നിരുന്നില്ല. നിരോധിക്കപ്പെട്ട കാര്യമാണ്. പോരെങ്കില്‍ വ്യാജമദ്യവും. ഒരു ധീരകൃത്യം നടത്തിക്കളയാമെന്നു ഞാനും തീരുമാനിച്ചു. സാധനം ഒരു പതിനാറൗണ്‍സ് കുപ്പി നിറയെ ഉണ്ട്. ഒരു സ്യൂട്കെയ്‍സില്‍ ഭദ്രമായി എടുത്തു വച്ച്, അതിരാവിലെ യാത്ര തിരിച്ചു. "ഇതു രോഗിയായ മഹാകവിക്കു മരുന്നുണ്ടാക്കാനാണ്,അദ്ദേഹം രണ്ടു ദിവസം കൂടി ജീവിച്ചു നാലുവരിക്കവിത കൂടുതല്‍ എഴുതാന്‍ സാധിച്ചാല്‍ അതു നമുക്കും നേട്ടമാണല്ലോ" എന്നൊന്നും പറഞ്ഞാല്‍ എക്സൈസുകാര്‍ വിടില്ല. എങ്കിലും അനിഷ്ടസംഭവമൊന്നും കൂടാതെ,സാധനം എന്നോടൊപ്പം ഭദ്രമായി അദ്ദേഹത്തിന്റെ വീടിലെത്തി. അദ്ദേഹം അതേറ്റുവാങ്ങി ഭാര്യയെ ഏല്‍പ്പിച്ചു. ദിവസങ്ങള്‍ കഴിഞ്ഞു, ശ്രീദേവിയോടു ചോദിച്ചു : "ആടിനെ വാറ്റിയില്ലേ?" "വാറ്റിക്കൊണ്ടുവരാന്‍ എവിടെയോ ഏര്‍പ്പാടു ചെയ്‍തിട്ടുണ്ടെന്നു പറയുന്നതു കേട്ടു." " പിന്നെ, ആ കുപ്പിയിലെ....?" " ഓ, അതവിടെ കാലിക്കുപ്പിയായി ഇരുപ്പുണ്ട്." കുടി നിര്‍ത്തിയെന്നാണ് അദ്ദേഹം എന്നോടു പറഞ്ഞിരുന്നത്. " അല്ല; പട്ടയെക്കാളും നല്ലത് തെങ്ങിന്റെയാണല്ലേ?" എന്നിട്ടദ്ദേഹം അപരാധബോധത്തിന്റെ ഒരു വക പരിഹാസത്തോടെ ഒരു ചിരി ചിരിച്ചു. " ഇഷ്ട, എനിക്കബദ്ധം പറ്റി. ഞാനതു കുടിച്ചു പോയി. ഇനി തൊടില്ല. തീര്‍ച്ച." അദ്ദേഹം വളരെ വികാരാധീനനായി കാണപ്പെട്ടു. " സ്‍നേഹിതാ, ഞാന്‍ തന്നെ എന്നെ നശിപ്പിച്ചു. ഒരു കാലത്തു ചായയും ചാരായവും മാത്രം കൊണ്ട് ദിവസങ്ങളോളം ഞാന്‍ ജീവിച്ചിരുന്നു. ഭാര്യയും അമ്മയും ഊണും തയ്യാറാക്കി,കരഞ്ഞു കൊണ്ട് പറയും : ഉണ്ണാന്‍. ഉണ്ണില്ല. ആരോടും മിണ്ടില്ല. അങ്ങനെ തോന്നി. കാരണമെന്ത്? എനിക്കു തന്നെ അജ്ഞാതമാണ്. " അദ്ദേഹം സ്വന്തം സ്മരണകളുടെ ചുരുളഴിക്കും. " രണ്ടുമണിയാകുമ്പോള്‍ പുറത്തിറങ്ങും. നേരേ ടൗണിലേക്കു നടക്കും. കാലിലെ ഷൂവില്‍ ഒരു കഷണം കഞ്ചാവെടുത്തു കടലാസ്സില്‍ പൊതിഞ്ഞു വെച്ചിരിക്കും. കാല്‍നടയായി പോകും. ഷൂവിനുള്ളിലെ സാധനം നല്ല പോലെ മര്‍ദ്ദിക്കപ്പെടാന്‍. വഴിമധ്യേ ഒരു ക്രിസ്‍ത്യാനിയുടെ കടയുണ്ട്. ഞാന്‍ അവന്റെ കടയ്‍ക്കു നേരേ വരുമ്പോള്‍ അടയാളം കൊടുക്കും. രാത്രി തിരിച്ചുവരുമ്പോള്‍ എല്ലാം ഒരുക്കിയിട്ടുണ്ടാകും. രണ്ടു പ്‍ളേറ്റ് നിറയെ സാമാനങ്ങള്‍. ഒന്നയാള്‍ക്കും ഒന്നെനിക്കും. കുടി കഴിഞ്ഞാല്‍ ഞാന്‍ ഷൂ പൊക്കും.അവന്‍ കയ്യിട്ടു പൊതിയെടുത്ത് രണ്ടു വീടിയിലാക്കി തെറുക്കും. ഒന്ന് എന്റെ ചുണ്ടത്തു വെച്ച് കൊളുത്തിത്തരും. ഒന്നവനും. ഇത്രയുമായാല്‍ പിരിയാന്‍ സമയമായെന്നര്‍ത്ഥം. ഞാനിറങ്ങി ഒരു നടത്തം കൊടുക്കും..അപ്പോള്‍ പാതിരാ കഴിഞ്ഞിരിക്കും. കുറ്റാകൂരിരുട്ടും. എന്നാലും ഊടുവഴിയില്‍ കൂടെയേ വീട്ടിലേയ്‍ക്കു മടങ്ങൂ. വീട്ടില്‍ വിളക്കു വിളറി എരിയുന്നുണ്ടാകും. ചാരെ ഭാര്യയും. അവള്‍ കരയുകയായിരിക്കും. " അദ്ദേഹം തുടരും. " എങ്കിലും എനിക്കത്ഭുതം തോന്നുന്നു, ഒരിക്കലും ഒരനിഷ്‍ടസംഭവവുമുണ്ടാകാത്തതില്‍. വല്ല മരത്തിലും തലയിടിക്കാം. പാമ്പു കടിക്കാം. വഴിയില്‍ത്തന്നെ ബോധമറ്റു വീണെന്നും വരാം. എന്നാല്‍, യാതൊന്നുമുണ്ടായില്ല. ഇതാരുടെ ഭാഗ്യം കൊണ്ടാണെന്നറിയില്ല." സ്വന്തം മനസ്സാക്ഷിയുടെ പ്രതിക്കൂട്ടില്‍ നിന്ന് അദ്ദേഹമിതു പോലെ പ്രസ്‍താവിച്ച സന്ദര്‍ഭങ്ങള്‍ ദുര്‍ല്ലഭമായിരുന്നില്ല. ശ്രീ. ഏ. ബാലകൃഷ്ണപിള്ള ഇങ്ങനെ പറയുന്നു.... ദൗര്‍ബ്ബല്യങ്ങള്‍ ഉത്‍കര്‍ഷേച്ഛുവായ ഒരു കവിയില്‍ കളങ്കമായി കണക്കാക്കേണ്ടതില്ലായിരിക്കാം. ചങ്ങമ്പുഴ തന്നെ പറഞ്ഞു. "ഏഴാം സ്വര്‍ഗ്ഗം കടന്നു തവ കടമിഴിയില്‍ ക്കൂടിയെന്നല്ല, ഞാനാം പാഴാം പുല്‍തണ്ടില്‍ നിന്നുല്പല, മധുരസ്വപ്‍നഗാനം പകര്‍ന്നു; കേഴാം ഞാന്‍, നാളെ വീഴാ; മടിയി- ലഖിലവും തേളുചൂഴും മനസ്സില്‍ താഴാം, താഴട്ടെ,കേഴട്ടരികില്‍ വരികയേ, ഹൃദ്യമെ,മദ്യമെ നീ...." X X X X "രാത്രി രണ്ടുമൂന്നു തവണ ച്ഛര്‍ദ്ദിച്ചു. രാവിലെ നേരേ കോയമ്പത്തൂര്‍ക്കു പോയി." അദ്ദേഹം പറയുകയായിരുന്നു. ഡോക്‍ടര്‍ ശരിക്കു പരിശോധിച്ചു. ക്ഷയരോഗം മൂര്‍ദ്ധന്യത്തില്‍ എത്തിക്കഴിഞ്ഞിരുന്നുവെന്നും പ്രയാസമണെന്നും പറഞ്ഞു. വാസ്‍തവത്തില്‍ ക്ഷയരോഗബാധിതനാണ് ഞാനെന്ന് അറിഞ്ഞിരുന്നില്ല. കോയമ്പത്തൂരേക്കു പോകണമെന്നു വിചാരിച്ച ആ രാത്രിയാണ് എനിക്ക് ആ രോഗത്തെ പറ്റി സ്വയം സംശയം ജനിച്ചത്." വീടിന്റെ തെക്കുവശത്തു ഒരു ഷെഡ്ഡു കെട്ടിയുയര്‍ത്തപ്പെട്ടു. മരുന്നു കുപ്പികളുടെ നടുക്ക് ഒരു ചാരുകസാലയില്‍ അദ്ദേഹം അങ്ങനെ ഇരിക്കുന്നത് കുറേനാള്‍ കണ്ടു. പിന്നെ ഒരു നാള്‍ അതിനടുത്തു തന്നെ ദയനീയവും, വ്യസനകരവുമായ ചിതാഭസ്‍മവും കാണുമാറായി. അതിന്നരികിലായി കണ്ണീരില്‍ കുളിച്ചു നില്‍ക്കുന്ന ഒരു വിധവയായ മാതാവും അച്ഛന്‍ നഷ്‍ടപ്പെട്ട സന്താനങ്ങളും. ആ ചിതാഭസ്‍മം ആ ദു:ഖിതയായസ്‍ത്രീയെക്കുറിച്ചു പാടുന്നതു പോലെ തോന്നി- "മണ്‍മറഞ്ഞു ഞാനെങ്കിലുമിന്നു- മെന്നണുക്കളിലേവമോരോന്നും ത്വല്‍പ്രണയസ്‍മൃതികളുലാവി സ്വപ്‍നനൃത്തങ്ങളാടുന്നു, ദേവി.....! ( സ്‍പന്ദിക്കുന്ന അസ്ഥിമാടം.)
CHANGAMPUZHA PARK AT EDAPPALLY, KOCHI ചങ്ങമ്പുഴപ്പാര്‍ക്ക് ഇടപ്പള്ളി ....
0 കമന്‍റുകള്‍:
Post a Comment