Monday, November 1

ഉള്ളിലെ ഒച്ചകള്‍

(1946)
തെരുവില്‍ക്കിടന്നു ഈച്ചയും പുഴുവും ആര്‍ക്കുന്ന
പഴുത്തുപൊട്ടിയ വെള്ളരിക്ക പോലത്തെ
പുണ്ണു തുറന്നു കാട്ടി
ഒരു കാശിനു നിലവിളിക്കുന്ന
ദൈവശിക്ഷയുടെ വകയായ
എന്റെ പെങ്ങളേയും
ദൈവകാരുണ്യത്തേയും തിരിച്ചറിയാന്‍
ഞാനെന്റെ മടയിലേയ്‍ക്കു
രാത്രി കയറിച്ചെന്നു.
എന്റെ തലച്ചോറില്‍ മുഴുവന്‍
പനിനീര്‍പ്പൂവായിരുന്നു.
ഞാന്‍ തന്തയെന്നു വിളിക്കുന്ന വയസ്സന്‍
പഴുത്തൊലിക്കുന്ന വ്രണത്തില്‍ മാന്തി
ചോരയൊലിപ്പിച്ചിട്ട്
എന്നെ പല്ലിളിച്ചുകാട്ടി.
അതിസാരം പിടിച്ച് അവസാനിക്കാറായ കുട്ടി
നിലത്തു കിടന്നുരുളുന്നു.
ഞാന്‍ തള്ളയെന്നു വിളിക്കുന്ന ഒരുവള്‍
ഒരു മുക്കില്‍ ഇരുന്നു കണ്ണീര്‍വാര്‍ക്കുന്നു.
ഛര്‍ദ്ദിച്ചതു കൊണ്ടും
മലവിസര്‍ജ്ജനം ചെയ്‍തതു കൊണ്ടും
തറ മുഴുവന്‍ ചളികെട്ടിയിരിക്കുന്നു.
അവളുടെ അരയില്‍
ഒരു പഴന്തുണിക്കഷണം തൂങ്ങുന്നു
അതു പഴച്ചാറു വീണതുപോലെ പശപിടിച്ചിരിക്കുന്നു.

എന്റെ ഉള്ളില്‍ കാറ്റുവീശുന്നു.
ഞാന്‍ എന്നെ സൂക്ഷിച്ചു നോക്കി;
എന്റെ ദേഹം അഴുക്കാണ്.
വിരൂപമാണ്.
അതിനു നാറ്റമുണ്ട്.
എന്റെ മടയും ഞാന്‍ വെറുത്തു.
ഞാന്‍ നാലുപാടും ആദ്യമായി കണ്ണോടിച്ചു.
ഈ ലോകംഎത്ര സുന്ദരമായിരിക്കുന്നു.
ചെറുകാറ്റില്‍ തത്തിയുലയുന്ന ചെടികള്‍
ഈശ്വരന്റെ മന്ദഹാസങ്ങള്‍
മുകളില്‍, മുകളില്‍ പറന്നു പോകുന്ന
മേഘശകലങ്ങള്‍.
മഴവില്ലുകള്‍, പനിനീര്‍പൂക്കള്‍,കവിതകള്‍
എനിക്കു ഹൃദയം വീണിരിക്കുന്നു.

എന്റെ പുഴു തത്തുന്ന ജഡം
എനിക്കു കുറച്ചിലായിത്തോന്നി.
ഒരു ക്ഷയരോഗിയുടെ ചുണ്ടില്‍ തൂങ്ങുന്ന
കഫക്കട്ടയെപ്പോലെ
ഞാനതിനേയും വലിച്ചുകൊണ്ടു നടന്നു.
അരയില്‍ തൂങ്ങുന്ന കീറപ്പഴന്തുണി
എന്റെനഗ്‍നതയോട്
വഴക്കടിച്ചുകൊണ്ടിരുന്നു.‍‍.‍‍
സൗന്ദര്യത്തെ ആരാധിച്ചും
ദൈവമഹിമയെ വാ‍‍ഴ്ത്തിയും
ഹൃദയം നിറയെഭാവനയും വയറു നിറയെ വിശപ്പുമായി
ഞാനലഞ്ഞു
ആമ
ഓട്ടിനുള്ളിലേയ്‍ക്കു തലവലിക്കുന്നതുപോലെ
ഞാന്‍
എന്നിലേയ്‍ക്കുതന്നെ മടങ്ങിപ്പോന്നപ്പോള്‍
വീണ്ടും ഞാനൊരു കുപ്പയായി, എച്ചിലായി.
ക്രമേണ
ഘനം കുറഞ്ഞഒരു വസ്‍തുവായിത്തീര്‍ന്നു.
വൃത്തികെട്ട, ഭാരമേറിയ ജഡത്തില്‍ നിന്ന്
ഒരു ദിവസം
മുട്ടയില്‍ നിന്നു പക്ഷിക്കുഞ്ഞെന്നപോലെ
ഞാന്‍ പുറത്തേയ്‍ക്കു പറന്നുപോയി.
******************************

0 കമന്‍റുകള്‍:

Post a Comment