Saturday, September 4

സ്വാതന്ത്ര്യം വന്ന വഴി

 

"ഇടതുപക്ഷം" വാരിക.
എഡിററര്‍ :      പന്തളം പി.ആര്‍. മാധവന്‍ പിള്ള
ഏപ്രില്‍19, 1951

ആഗസ്റ്റ് 15!... മൂക്കത്ത് വിരല്‍ വെച്ചുകൊണ്ടല്ലാതെ ആ നാമം ഉച്ചരിക്കുകവയ്യ എന്തെല്ലാം പ്രതീക്ഷകളുടെ കുതിരപ്പുറത്താണ് അതെഴുന്നെള്ളിയത്!

എല്ലാ കഷ്ടപ്പാടുകളും അവസാനിക്കുക, എല്ലാത്തരം അടിമത്തങ്ങളും അവസാനിക്കുക,പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്‍മയും മാറുക,ചൂഷണത്തിന്റെയും മര്‍ദ്ദനത്തിന്റെയും കൊള്ളയുടേയും കൊലക്കഥകള്‍ക്കു വിരാമമിടുക - സമത്വസുന്ദരവും സുഖസമൃദ്ധവും സ്വാതന്ത്ര്യ സുരഭിലവുമായ - കാലം ആഗസ്റ്റ് 15-ന്റെ തലയ്‍ക്കല്‍ ഒരു നക്ഷത്രം പോലെ തെളിഞ്ഞു നിന്നപ്പോള്‍ ഒന്നര നൂറ്റാണ്ടുകാലത്തെ ഭാരം ചുമന്നു തളര്‍ന്ന മനുഷ്യന്‍- പാവപ്പെട്ട മനുഷ്യന്‍ - എല്ലാത്തരം ദൗര്‍ഭാഗ്യങ്ങളുടേയും ആകത്തുകയായ മനുഷ്യന്‍ ആശ്വസിച്ചു. അവന്‍ നെറ്റിയില്‍ നിന്നു വിയര്‍പ്പു തുടച്ചു.ആലസ്യത്തില്‍ നിന്നു ഉണര്‍ന്നു കണ്ണുതിരുമ്മി.അവന്റെ ചുണ്ടില്‍ ഒരു പ്രത്യാശ പൊടിഞ്ഞു.

അതിനു കാരണമുണ്ടായിരുന്നു. ഇന്ത്യാക്കാരന്റെ അധ:പതനങ്ങള്‍ക്കൊക്കെ കാരണം വിദേശാധിപത്യമാണെന്ന് അവന്‍ വിശ്വസിക്കുകയും വിശ്വസിപ്പിക്കപ്പെടുകയും ചെയ്‍തു. ബ്രിട്ടീഷുകാരന്‍ ഇന്ത്യ വിടുക എന്നതിന്റെ അര്‍ഥം ഇന്ത്യയിലെ പട്ടിണിയും തൊഴിലില്ലായ്‍മയും മാറുകയെന്നാണെന്നു അവന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്‍തു.

ബ്രിട്ടീഷുകാരന്‍ ഇന്ത്യ വിട്ടു. ഇന്ത്യയുടെ സിംഹാസനം ഇന്ത്യയുടെ കയ്യിലേക്കു തന്നെ വീണു. കോണ്‍ഗ്രസ് ഭരിക്കാന്‍ കയറി. ഒന്നര നൂറ്റാണ്ടിന്റെ പഴക്കം ചെന്ന സാമ്രാജ്യത്ത്വത്തിന്റെ മരണമണി പോലെ ആഗസ്റ്റ് മാസത്തിലെ ഒരു അര്‍ദ്ധരാത്രിയില്‍ പള്ളികളില്‍ നിന്നും അമ്പലങ്ങളില്‍ നിന്നും കൂട്ടമണികള്‍ ലഹള കൂട്ടി. കതിനവെടികള്‍ പൊട്ടി. പോലീസുകാരന്‍ ത്രിവര്‍ണ്ണ പതാക -പൊക്കി. ലോക്കപ്പിന്റെ, ജയിലിന്റെ തലയില്‍ ത്രിവര്‍ണ്ണപതാക പാറി. ആ പതാകയുടെ സ്ഥാപനത്തിനു വേണ്ടി ജീവാര്‍പ്പണം ചെയ്‍ത ദേശസ്നേഹികളുടെ ചോര അപ്പോഴും അവയുടെ കീഴെ അവശേഷിച്ചു കിടന്നിരുന്നു.

എന്നാല്‍എല്ലാംചതിയായിരുന്നു.കടുത്തവഞ്ചനയായിരുന്നു. വളര്‍ന്നുവരുന്ന തലമുറയുടെ,പിറവിയെടുക്കുന്നജനകീയജനാധിപത്യത്തിന്റെ പിന്നിലുണ്ടായ ഒരു ഗൂഢാലോചനയായിരുന്നു.വിദേശമുതലാളിത്തവും സ്വദേശമുതലാളിത്തവും ചേര്‍ന്നുള്ള ഗൂഢലോചന!.

നമ്മുടേതു കുഴപ്പം നിറഞ്ഞ കാലഘട്ടമാണ്. പ്രത്യേകിച്ചും ആഗസ്റ്റുപതിനഞ്ചിനു ശേഷമുള്ള കാലം. ഇവിടെ ജനാധിപത്യമല്ല, ഫാസിസ്റ്റുമുറകളാണു പുലരുന്നത്. ഇവിടെ സമാധാനമുണ്ടൊ? അഭിപ്രായസ്വാതന്ത്ര്യമുണ്ടോ? വിചാര സ്വാതന്ത്ര്യമുണ്ടോ?

ഞാനൊരു കമ്യൂണിസ്റ്റല്ല. കമ്യൂണിസ്‍റ്റുപ്രവര്‍ത്തകനല്ല. പക്ഷെ, തികച്ചും പഴഞ്ചനല്ല. എനിക്കൊരുസ്വതന്ത്രവുംപുരോഗമനപരവുമയ ചിന്താഗതിയുണ്ട്. ഈ ചിന്താഗതി ബ്രിട്ടീഷുകാരന്‍ ഇവിടെ ഭരണം നടത്തിയ കാലം മുതല്‍ ഞാന്‍ വെച്ചുപുലര്‍ത്തിപ്പോരുന്നതാണ്.

ബ്രിട്ടീഷുകാരന്റെ പോലീസ് എന്നെ ഭീഷണിപ്പെടുത്തുകയോ എന്റെ വീട്ടില്‍ കാലുകുത്തുകയോ ഉണ്ടായിട്ടില്ല. എന്നാല്‍ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം എന്താണുണ്ടായത്.

പോലീസ് പലവട്ടം എന്റെ വീടു പരിശോധിച്ചു. എന്നെ ഭീഷണിപ്പെടുത്തി. ഒരു കാര്യവുമില്ലാതെ എന്റെ വീട്ടിലുള്ളവരെ പരിഭ്രമിപ്പിച്ചു. അലമാരയിലെ പുസ്‍തകങ്ങളും എനിക്കു വന്ന കത്തുകളും എടുത്തു അരിച്ചു പരിശോധിച്ചു.

എന്തിനു വേണ്ടി? എന്നിട്ടു എന്ത് അവര്‍ക്കു കിട്ടി? ഒന്നുമില്ല. ഞാന്‍ ചോദിച്ചു : -നിങ്ങള്‍ക്കെന്താണ് വേണ്ടത്? പോലീസുകാരന്‍ പറഞ്ഞു: -ഇവിടെ കമ്യൂണിസമുണ്ടോ എന്നു നോക്കിയതാണ്..........

കഷ്ടം. അതിനു ചൈനയിലായിരുന്നു അവര്‍ പോകേണ്ടിയിരുന്നത്.! നിരോധിക്കാത്ത മാക്‍സിം ഗോര്‍ക്കിയുടെ 'അമ്മ'യെന്ന വിശിഷ്ട ഗ്രന്ഥം എനിക്കു ഇന്ത്യന്‍ പോലീസിനെ ഭയന്നു ഒളിച്ചുവെയ്‍ക്കേണ്ടിവന്നു

പണ്ഡിറ്റ് നെഹ്രുവിന്റെ ഭരണത്തില്‍ പോലും നിരോധിക്കാത്തൊരു സുപ്രസിദ്ധ കൃതി ഒളിച്ചുവെയ്‍ക്കാന്‍‍ നിര്‍ബ്ബന്ധിത നായൊരവസ്‍ഥ ഇവിടത്തെ സ്വാതന്ത്ര്യബോധം എത്രത്തോളം സുരക്ഷിതമാണെന്നു തെളിയിക്കയാണോ?

സ്വാതന്ത്ര്യം ലഭിക്കുനതിനു മുമ്പു വരെ കോണ്‍ഗ്രസ്സിന്റെ സമരത്തേയും ഇന്ത്യന്‍ ദേശാഭിമാനത്തിന്റെ അള്ളിപ്പിടുത്തത്തേയും ആദരിച്ചുകൊണ്ട് എന്റെ എളിയ തൂലികയും അതിന്റെ പങ്ക് നിര്‍വ്വഹിക്കുകയുണ്ടായി. അന്നത്തേയും ഇന്നത്തേയും മാതൃ ഭൂമി ആഴ്ചപ്പതിപ്പ് എന്റെ അത്തരം ലേഖനങ്ങള്‍ ചൂടോടെ വാങ്ങി പ്രഥമ പേജില്‍ തന്നെ ചേര്‍ക്കുക പതിവായിരുന്നു.

അക്കാരണം കൊണ്ട് എനിക്കുണ്ടായിരുന്ന ജോലി അന്നത്തെ സര്‍ക്കാര്‍ നഷ്ടപ്പെടുത്തി എനിക്ക് കോണ്ഗ്രസ്സിനുവേണ്ടി ജയിലില്‍ പോകേണ്ടിവന്നിട്ടില്ല. എന്നിരുന്നാലും ഒരുത്തന്റെ ജോലി, അവന്റെ ഭക്ഷണപ്പാത്രം അവനില്‍ നിന്നു തട്ടിത്തെറിപ്പിക്കുകയെന്നത് - അവനെ സംബന്ധിച്ചിടത്തോളം വലുതാണ്.

അതിനൊക്കെ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം എനിക്കു കിട്ടിയ പ്രതിഫലം നാലേക്കറു ഭൂമിയല്ല, രാത്രിയെന്നൊ പകലെന്നോ ഇല്ലാതെ പോലീസിനെ പേടിച്ചു കഴിഞ്ഞുകൂടേണ്ട പരിതസ്ഥിതിയാണ്.

ഈ രാത്രി എന്നവസാനിക്കും? പേടിപ്പെടുത്തുന്ന, ശ്വാസം മുട്ടിക്കുന്ന ഈ ദുരന്ത നാടകം എന്നവസനിക്കും? എന്തൊരു സാംസ്കാരിക കാടത്തമാണ് തലയ്‍ക്കു മുകളില്‍! ഈ ഇരുളടഞ്ഞതും ഇടുങ്ങിയതുമായ അര്‍ദ്ധരാത്രിയുടെ ഇടനാഴിയില്‍ വെച്ച് ഞാനിപ്പോള്‍ ആഗസ്റ്റ് പതിനാലിലെ എനിക്കു പറ്റിയോരു വിഡ്ഢിത്തം ഓര്‍ത്തുപൊവുകയാണ്.

അന്ന് എന്തൊരു ഭയങ്കര മഴയായിരുന്നെന്നോ! ലോകമുണ്ടായിട്ടു ഇതു പോലൊരു മഴയുണ്ടായിരിക്കില്ല. അടുത്തുള്ള പള്ളിയിലെ പാതിരിയോട് വായ്‍പ വാങ്ങിയ രണ്ടു കതിനായും നിറച്ചുവെച്ചു ആ പച്ചപ്പാതിരയില്‍ പിറവിയെടുക്കുന്ന സ്വാതന്ത്ര്യത്തെ ആഘോഷിക്കുവാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഉറങ്ങാതെ, കണ്ണുചിമ്മാതെ, വാച്ചില്‍ പന്ത്രണ്ടു മണിയാകുന്നതും നോക്കി. സ്വാതന്ത്ര്യ ശിശു പെറ്റുവീഴുന്ന ആ അനര്‍ഘനിമിഷവും കാത്ത്. അങ്ങനെ, പന്ത്രണ്ടുമണി വന്നു. മഴ തുമ്പിക്കൈ വണ്ണത്തില്‍ വിട്ടുകൊടുക്കുകയാണ്. എന്തൊരു കൂരിരുട്ട്!

ലോകമുണ്ടായിട്ടു ഇതുപോലൊരു കൂരിരുട്ടു കണ്ടിരിക്കില്ല. മുറ്റത്തു നിരപ്പൊക്കത്തിനു പ്രളയമാണ്, കല്ലും കട്ടയും പലകക്കഷ്ണങ്ങളും കൊണ്ട് കഷ്ടിച്ചു കതിന വെയ്‍ക്കാന്‍ ഞാന്‍ അല്‍പം സ്ഥലം സമ്പാദിച്ചു..ഒരു കയ്യില്‍ ചൂട്ടും മറുകൈയില്‍ തലയില്‍ ചൂടിയ മുറവും പിടിച്ച് കൃത്യം 12 മണിക്കു ഞാന്‍ കതിനയ്‍ക്കു തീ കൊടുത്തു.ഒന്നു ചീറിപ്പോയി! രണ്ടാമത്തേതു കണിശത്തിനു പൊട്ടി. അതിന്റെ പ്രതിധ്വനി ഇരമ്പുന്ന പേമാരിയില്‍ വീണു തെല്ലിട പൊട്ടിക്കരഞ്ഞു. ആ പൊട്ടിക്കരച്ചിലിനു അകലെയെവിടെയോ നിന്നു പട്ടിണിയുടെ ഓരിയിടല്‍ മറുപടി പറഞ്ഞു.

ഓ, അന്നു ഞാന്‍ ധ്യാനിച്ച പ്രഭാതം ഇപ്പോള്‍ എവിടെയാണെന്നാണ് എന്റെ ആലോചന!

2 കമന്‍റുകള്‍:

Roshan PM said...

ഒരു കയ്യില്‍ ചൂട്ടും മറുകൈയില്‍ തലയില്‍ ചൂടിയ മുറവും പിടിച്ച് കൃത്യം 12 മണിക്കു ഞാന്‍ കതിനയ്‍ക്കു തീ കൊടുത്തു.ഒന്നു ചീറിപ്പോയി! രണ്ടാമത്തേതു കണിശത്തിനു പൊട്ടി. അതിന്റെ പ്രതിധ്വനി ഇരമ്പുന്ന പേമാരിയില്‍ വീണു തെല്ലിട പൊട്ടിക്കരഞ്ഞു. ആ പൊട്ടിക്കരച്ചിലിനു അകലെയെവിടെയോ നിന്നു പട്ടിണിയുടെ ഓരിയിടല്‍ മറുപടി പറഞ്ഞു.

einsteinvalath.blogspot.com said...

I thank you Roshan Sir in visiting "jaalakam" and commenting .You are welcome.

Post a Comment